ഡീസൽ ക്ഷാമം ബത്തേരിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പുറപ്പെട്ട കെഎസ്ആർടിസി കോഴിക്കോട് യാത്ര അവസാനിപ്പിച്ചു; പെരുവഴിയിലായത് യാത്രക്കാർ

പത്തനംതിട്ട: കെഎസ്ആർടിസിയിലെ ഡീസൽ ക്ഷാമം രൂക്ഷമായതോടെ ദീർഘദൂര സർവീസുകളെയും ബാധിക്കുന്നു. ബത്തേരിയിൽനിന്നു പത്തനംതിട്ടയ്ക്കുള്ള സൂപ്പർ ഫാസ്റ്റ് ബസ് ഡീസൽ ഇല്ലാതെ കോഴിക്കോട് യാത്ര അവസാനിപ്പിച്ചു. റിസർവേഷൻ എടുത്ത യാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടിയത്. അതേസമയം, പത്തനംതിട്ട ഡിപ്പോയിൽ 10 ഓർഡിനറി സർവീസുകൾ ഇന്നലെ റദ്ദാക്കി.

ബത്തേരി-പത്തനംതിട്ട സൂപ്പർ ഫാസ്റ്റ് ബസിന് റിസർവേഷൻ സൗകര്യമുള്ളതാണ്. ദീർഘദൂര യാത്രയ്ക്ക് ബസിനെ ആശ്രയിക്കുന്നവരാകട്ടെ റിസർവേഷനിലാണ് ടിക്കറ്റ് ഉറപ്പാക്കുന്നത്. ഈ സർവീസിന് എല്ലാ ദിവസവും നിറയെ യാത്രക്കാരുമുണ്ട്. ബത്തേരി ഡിപ്പോയിലെ ബസാണിത്. കോഴിക്കോട് നിന്നു ഡീസൽ കിട്ടിയാൽ പത്തനംതിട്ടയ്ക്ക് സർവീസ് പോകണമെന്ന നിർദേശം നൽകിയാണ് ബത്തേരിയിൽനിന്ന് ഇന്നലെ പുറപ്പെട്ടത്.

തുടർന്ന് റിസർവേഷൻ ഉള്ള എല്ലാ യാത്രക്കാരെയും അതിൽ കയറ്റി. എന്നാൽ കോഴിക്കോട്ട് എത്തിയപ്പോൾ ഡീസൽ ലഭ്യമായില്ല. പുറത്തെ സ്വകാര്യ പമ്പിൽനിന്നു ഡീസൽ നിറയ്ക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നില്ല. തുടർന്ന് ബസിൽ റിസർവേഷൻ ഉണ്ടായിരുന്ന യാത്രക്കാരെ പാലായ്ക്കുള്ള ബസിൽ കയറ്റിവിടാനായി ശ്രമം.

ALSO READ-അവധിയില്ല നേരത്തെ ഉറങ്ങണം; അച്ഛനോടും അമ്മയോടും ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതേ; വീണടും സ്‌നേഹത്തോടെ ആലപ്പുഴ കളക്ടർ

എന്നാൽ, പാലായിൽ നിന്നു പത്തനംതിട്ടയ്ക്ക് ബസില്ലാത്തതും പ്രശ്‌നമായി. തുടർന്ന് ചീഫ് ഓഫിസിൽ വിവരം അറിയിച്ചു. തുടർന്ന് ബൈപാസ് റൈഡറിൽ അവരെ തിരുവല്ല ഇറക്കാൻ ചീഫ് ഓഫിസിൽ നിന്നു നിർദേശിക്കുകയായിരുന്നു. രാത്രി തിരുവല്ലയിൽനിന്നു പത്തനംതിട്ടയ്ക്ക് ബസ് കിട്ടാതെ വന്നാൽ എന്തു ചെയ്യുമെന്ന പെൺകുട്ടിയുടെ ചോദ്യത്തിനു തിരുവല്ല-പത്തനംതിട്ട ബസ് ചാർജ് മടക്കി നൽകാം എന്നൊക്കെയായിരുന്നു ഉദാസീനമായ അധികൃതരുടെ മറുപടി.


ബസ് എത്താഞ്ഞതിനാൽ ഇന്ന് രാവിലെ 5.30ന് പത്തനംതിട്ടയിൽ നിന്ന് ബത്തേരിക്കുള്ള സൂപ്പർ ഫാസ്റ്റും ഉണ്ടായില്ല. ശബരിമല നിറപുത്തരി ആഘോഷത്തിനു പമ്പ സ്‌പെഷൽ സർവീസ് നടത്തുന്ന ബസുകൾക്ക് ഇന്ധനം നിറയ്ക്കാൻ പ്രത്യേക പരിഗണന നൽകാനായി ബുധനാഴ്ച ഇവിടെ 7000 ലീറ്റർ ഡീസൽ എത്തിച്ചിട്ടുണ്ട്. അതിനാൽ ഇത്രയും ദിവസം പിടിച്ചുനിന്നതെന്നും ഇപ്പോൾ പത്തനംതിട്ട ഡിപ്പോയിലെ ഡീസൽ പൂർണമായും തീർന്നെന്നുമാണ് വിശദീകരണം.

Exit mobile version