‘ദൈവം കൂടി തുണച്ചതിനാലാണ് അവരെ രക്ഷിക്കാൻ സാധിച്ചത്”; വെള്ളത്തിൽ വീണ് ഒഴുകിപോയ കാറിൽ നിന്നുംകുടുംബത്തെ രക്ഷിച്ചവർ പറയുന്നു

കോട്ടയം: ”ദൈവംകൂടി തുണച്ചതിനാലാണ് അവരെ രക്ഷിക്കാൻ സാധിച്ചത്”- ഇതുമാത്രമാണ് പാറേച്ചാൽ പാലത്തിനടുത്ത് വെള്ളത്തിൽ വീണ കാറിൽ നിന്ന് കുടുംബത്തെ രക്ഷിച്ചവർക്ക് പറയാനുള്ളത്. പിഞ്ചുകുഞ്ഞടക്കം നാലുപേരെ രക്ഷിച്ച നാട്ടുകാരിൽ ഒരാളായ പുത്തൻകരി വീട്ടിൽ രജനി സനൽ ആണ് അനുഭവം പറയുന്നത്.

വ്യാഴാഴ്ച രാത്രി പത്തേകാലോടെയാണ് എറണാകുളത്തുനിന്നു പത്തനംതിട്ട കുമ്പനാട്ടേക്ക് പോകുകയായിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കുമ്പനാട് ഞാലിപ്പറമ്പിൽ ഡോ. സോണിയ ജെറി(34), അമ്മ ശോശാമ്മ(71), ബന്ധു അനീഷ്(21), സോണിയയുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലെ യാത്രക്കാരായി ഉണ്ടായിരുന്നത്.

രാത്രിയിൽ വഴി തെറ്റി പാറേച്ചാൽ പുത്തനാർ തോട്ടിലേക്കാണ് കാർ വീണത്. വീടിനോട് ചേർന്ന് കട നടത്തുന്ന പതിനാറിൽചിറ സനലും ഭാര്യ സിന്ധുവുമാണ് കാർ ആദ്യം കണ്ടത്.

കാറിൽനിന്ന് ‘രക്ഷിക്കണേ’ എന്ന് ഉറക്കെപ്പറയുന്നതും കേട്ടതോടെ ഇവർ ഓടിച്ചെന്നു. ഇതിനിടെ കാർ ഇടത്തോട്ടിലേക്ക് ഒഴുകി. ഇവർ ഇക്കരെയുള്ള കരയിലൂടെ ഓടി നാട്ടുകാരെ വിളിച്ചുകൂട്ടി. ഇതിനിടെ, ചെറിയ തോടിന് കുറുകെയുള്ള പാലം കടന്ന് കാർ മുന്നോട്ടൊഴുകുകയായിരുന്നു.

ആൾക്കാരെല്ലാം തോട്ടിൻകരയിലൂടെ മുന്നോട്ട് ഓടുകയും സനലും സനലിന്റെ മരുമകൻ വിഷ്ണു, മണപ്പുറത്ത് വീട്ടിൽ സത്യൻ എന്നിവർ വെള്ളത്തിലേക്ക് ചാടിയിറങ്ങി കാർ കരയ്ക്ക് അടുപ്പിച്ചതുമാണ് രക്ഷാപ്രവർത്തനത്തിന് തണലായത്.

ALSO READ- മരുന്ന് കടയിൽ ജോലി ചെയ്ത് പഠനം; 15 മണിക്കൂറോളം പഠിച്ചിട്ടും മൂന്നുവട്ടം പരാജയം; ഇന്ന് പ്രതിസന്ധികൾ തരണം ചെയ്ത് ആലപ്പുഴ കളക്ടർ; അറിയണം കൃഷ്ണ തേജ ഐഎഎസിനെ
സനൽ തുഴകൊണ്ട് കാറിന്റെ ഡോർ തല്ലിത്തുറന്നു. കാറിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കൂപ്പുകുത്തിയ നിലയിലായിരുന്നു. നാട്ടുകാർ കാറിൽ കയർ കെട്ടി യാത്രക്കാരെ പുറത്തെത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം. പിന്നീട് പോലീസും അഗ്നിരക്ഷാസേനയും എത്തി ഇവരം കരയ്ക്ക് എത്തിക്കുകയായിരുന്നു.

Exit mobile version