‘രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരും’: ബിജെപിയിലേക്കെന്ന റിപ്പോര്‍ട്ടുകളോട് മാണി സി കാപ്പന്‍

കോട്ടയം: ‘രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ.
ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളോട് മറുപടി പറയുകയായിരുന്നു എംഎല്‍എ.
യുഡിഎഫില്‍ മാണി സി കാപ്പന്‍ അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പറയാന്‍ പറ്റില്ല ഇത് രാഷ്ട്രീയമല്ലെ എന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി. ‘രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരും, ഇത്രയും കാലം യുഡിഎഫിലുണ്ടായിരുന്ന ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെഎം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു. ഇതൊക്കെ സ്വാഭാവികമാണ്’, എന്നും മാണി സി കാപ്പന്‍ പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന് കേരളത്തില്‍ നിന്ന് ലഭിച്ച ഒരു വോട്ട് സംബന്ധിച്ച ചര്‍ച്ചകളും മാണി സി കാപ്പനില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് വിട്ട് കാപ്പന്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹം പ്രചരിക്കുന്നത്.

യുഡിഎഫിന്റെ പരിപാടികളില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തുകയാണെന്ന് കാപ്പന്‍ അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു. പലതവണ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയെ വിമര്‍ശിച്ച കാപ്പന്‍, കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ എത്തിയാല്‍ അത് തന്നെ ബാധിക്കില്ലെന്നായിരുന്നു പറഞ്ഞത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് മാണി സി കാപ്പന്‍ എന്‍സിപി വിട്ടത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിനുശേഷം നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍, പാലായില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് ജോസ് കെ മാണിക്കെതിരെ വിജയിച്ചത്.

Exit mobile version