‘വെറും പരസ്യം മാത്രം, അത് കണ്ടാരും റമ്മി കളിയ്ക്കരുത്’: എനിക്ക് ടെക്സ്റ്റൈയില്‍സില്ല, ആകെ കിട്ടിയത് 7000 രൂപ മാത്രം; റമ്മി പരസ്യത്തിലെ പ്രതീഷ് പറയുന്നു

പാലക്കാട്: ‘എന്റെ പേര് പ്രതീഷ് കുമാര്‍ പാലക്കാട് എലപ്പുള്ളിയാണ് സ്വദേശം, ഞാനൊരു ടെക്സ്റ്റെയില്‍ ഷോപ്പ് നടത്തുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ റമ്മി സര്‍ക്കിളില്‍ റമ്മി കളിക്കുന്നുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയിലടുത്ത് ഞാന്‍ നേടിക്കഴിഞ്ഞു. എന്നെ പോലെ നിങ്ങളും കളിച്ചുകൊണ്ടേയിരിക്കുക…’ കേരളത്തില്‍ റമ്മി ടൂര്‍ണമെന്റിന്റേതായി വന്ന ആദ്യ പരസ്യങ്ങളിലൊന്നായിരുന്നു ഇത്. ഈ പരസ്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പ്രതീഷ് കുമാര്‍.

എന്നാല്‍ പരസ്യത്തില്‍ പറയുന്ന ടെക്സ്റ്റൈയില്‍ ഷോറൂമൊന്നും തനിക്കില്ല, മാത്രമല്ല താന്‍ റമ്മി പ്ലേയറല്ലെന്നും പ്രതീഷ് പറയുന്നു. റമ്മി കളിച്ച് ആദ്യ ഘട്ടത്തില്‍ ബോണസായി കിട്ടിയ 7000 രൂപയല്ലാതെ ഒരു പണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പിന്നിംഗ് മില്‍ ജീവനക്കാരനാണ് പ്രതീഷ്.

സാധാരണക്കാരന്‍ അഭിനയിച്ച പരസ്യമായതുകൊണ്ട് ഇതിന് വലിയ പ്രചാരണം കിട്ടിയെങ്കിലും പരസ്യം കണ്ട് ആരും കളിക്കിറങ്ങരുതെന്നും പ്രതീഷ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാലത്ത് എന്തെങ്കിലും ഒരു വരുമാനം എന്ന നിലയ്ക്കാണ് പരസ്യത്തില്‍ അഭിനയിച്ചത്. ഒരു ദിവസം ഫെയ്സ്ബുക്ക് നോക്കുന്നതിനിടെയാണ് റമ്മി സര്‍ക്കിളിന്റെ പോസ്റ്റ് വാളില്‍ കണ്ടത്. വെറുതെ കൗതുകത്തിന് ക്ലിക്ക് ചെയ്ത് കളിച്ചുനോക്കി. അതില്‍ 7000 രൂപ കിട്ടുകയും ചെയ്തിരുന്നു. ഇതിന് ശേഷം തന്നെ കമ്പനിയില്‍ നിന്നുള്ളവര്‍ വിളിക്കുകയും പരസ്യത്തില്‍ അഭിനയിക്കാമോ എന്ന് ചോദിക്കുകയുമായിരുന്നുവെന്ന് പ്രതീഷ് പറയുന്നു.

സിനിമാ താരങ്ങളൊക്കെ അഭിനയിക്കുന്ന പരസ്യം തനിക്ക് കിട്ടിയതില്‍ ഒരു നേട്ടമാണ് എന്ന് കരുതിയാണ് അഭിനിയിച്ചത്. ലേ മെറിഡിയന്‍ ഹോട്ടലില്‍ ഒരു ദിവസത്തെ താമസവും ഫുള്‍ ചെലവും പിന്നെ കമ്പനി കാര്‍ വന്ന് വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോവുകയും തിരിച്ചിറക്കുകയും ചെയ്തു. ലേ മെറിഡിയനില്‍ താമസമെന്നതൊക്കെ തന്നെ പോലുള്ള സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെയാണ് പരസ്യത്തിലേക്കെത്തിയത്.

ഒരു ടെക്സ്‌റ്റൈല്‍സ് സെറ്റിട്ട് അവര്‍ പറയുന്നത് പോലെ പറയാനായിരുന്നു ആവശ്യപ്പെട്ടത്. ഞാന്‍ അങ്ങനെ ചെയ്യുകയും ചെയ്തു. അതല്ലാതെ തനിക്ക് ടെക്സ്‌റ്റൈല്‍സ് ഒന്നുമില്ലെന്നും പ്രതീഷ് പറയുന്നു. പരസ്യത്തെ പരസ്യമായി മാത്രം കാണണം.

ഇത്തരം പരസ്യം കണ്ടാരും കളിക്കാന്‍ ഇറങ്ങരുതെന്നും പ്രതീഷ് ഉപദേശിക്കുന്നു.
സിനിമാ താരങ്ങള്‍ക്കൊക്കെ റമ്മി പരസ്യത്തിന് വലിയ പ്രതിഫലമാണ് കിട്ടുന്നത്. പക്ഷെ തനിക്ക് കിട്ടിയത് വെറും പതിനായിരം രൂപ മാത്രമാണെന്നും പ്രതീഷ് പറയുന്നു.

Exit mobile version