ഓണ്‍ലൈന്‍ റമ്മിയില്‍ കടം പെരുകി; ഒടുവില്‍ ആത്മഹത്യ; വഴിയാധാരമായത് ഗിരീഷിന്റെ ഭാര്യയും പിഞ്ചുകുഞ്ഞുങ്ങളും

ശമ്പളവും ഭാര്യയുടെ സ്വര്‍ണവും ഓണ്‍ലൈന്‍ റമ്മിക്കായി ഇറക്കി;നാടുനീളെ കടവും പെരുകി; ഒടുവില്‍ ആത്മഹത്യ; വഴിയാധാരമായത് ഗിരീഷിന്റെ ഭാര്യയും പിഞ്ചുകുഞ്ഞുങ്ങളും

പാലക്കാട്: ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയായി പണം മുഴുവന്‍ ചെലവിട്ടും കടം വാങ്ങിയും കളിച്ച യുവാവ് മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കൊല്ലങ്കോട് സ്വദേശിയായ ഗിരീഷാണ് ചൊവ്വാഴ്ച വീട്ടില്‍ വെച്ച് ജീവനൊടുക്കിയത്. കടബാധ്യതയും പണം തിരിച്ചു കൊടുക്കാന്‍ സാധിക്കാതെ വന്നതോടെയുമാണ് കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തത്.

ഓണ്‍ലൈന്‍ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയാണ് ഗിരീഷിന് ഉണ്ടായതെന്ന് ഭാര്യ വൈശാഖ പറഞ്ഞു. തന്റെ 25 പവന്‍ സ്വര്‍ണം ഉള്‍പ്പെടെ വിറ്റും പണയം വെച്ചുമാണ് ഗിരീഷ് റമ്മി കളിച്ചത്. കളിക്കാന്‍ പണം കിട്ടാനായി ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും വൈശാഖ പറയുന്നു.

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഒറ്റയ്ക്കായപ്പോള്‍ നേരം പോക്കിനായാണ് ഗിരീഷ് റമ്മി കളിച്ചു തുടങ്ങിയത്. പിന്നീട് ഓണ്‍ലൈന്‍ റമ്മിക്ക് അടിമയായി മാറി. കിട്ടുന്ന ശമ്പളം മുഴുവന്‍ റമ്മി കളിക്കാന്‍ ഇറക്കുന്നതായി പിന്നീട് ഗിരീഷിന്റെ പതിവ്. പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വര്‍ണം വിറ്റ് റമ്മി കളി തുടങ്ങി. ഇതിനിടയില്‍ അമിത മദ്യപാനവും തുടങ്ങുകയും കടം ഒരു ഭാഗത്ത് കുമിഞ്ഞുകൂടുകയും ചെയ്തു.

ALSO READ- കൊല്ലം കളക്ട്രേറ്റില്‍ ഏഴിടത്ത് ബോംബ് വെച്ചെന്ന് ഭീഷണിക്കത്ത്; കേസില്‍ അമ്മയും മകനും അറസ്റ്റില്‍; വീട്ടില്‍ നിരവധി ഭീഷണിക്കത്തുകള്‍!

മുന്‍പും ഗിരീഷ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും വൈശാഖ അത് ഗൗരവമായി എടുത്തിരുന്നില്ല. റമ്മി കളി നിര്‍ത്താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഗിരീഷ് വഴങ്ങിയില്ല. വൈശാഖയോട് പണം ആവശ്യപ്പെട്ട് മര്‍ദനവും തുടങ്ങി. ഒടുവില്‍ കടംകയറി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നതോടെയാണ് ഗിരീഷ് ആത്മഹത്യ ചെയ്തത് എന്ന് വൈശാഖ പറഞ്ഞു.

അതേസമയം, ഭര്‍ത്താവ് മരിച്ചതോടെ കുഞ്ഞുകുട്ടികളുമായി ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ കരഞ്ഞുതീര്‍ക്കുകയാണ് വൈശാഖ.

Exit mobile version