കൊക്കയില്‍ വീണവരെ രക്ഷിക്കാനായി കേണപേക്ഷിച്ച് സോമന്‍ ചേട്ടന്‍; കണ്ടില്ലെന്ന് നടിച്ച് നട്ടുച്ചയ്ക്കും കണ്ണില്‍ ഇരുട്ടുകയറിയവര്‍! ഒടുവില്‍ എക്‌സൈസും ഗ്യാസ് ലോറിയും രക്ഷകരായപ്പോള്‍! ഓര്‍ക്കുക ഇതും കേരളമാണ്..!

കേരളത്തിന് നാണക്കേടായിരിക്കുകയാണ് പട്ടാപ്പകല്‍ കൊക്കയില്‍ വീണവരെ തിരിഞ്ഞുനോക്കാതെ സ്വന്തം കാര്യം നോക്കി പോയ ഒരു കൂട്ടം മലയാളികള്‍.

തൊടുപുഴ: പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട, ഏത് പ്രതിസന്ധിയേയും മനക്കരുത്ത് കൊണ്ട് മറികടന്ന കേരളത്തിന് നാണക്കേടായിരിക്കുകയാണ് പട്ടാപ്പകല്‍ കൊക്കയില്‍ വീണവരെ തിരിഞ്ഞുനോക്കാതെ സ്വന്തം കാര്യം നോക്കി പോയ ഒരു കൂട്ടം മലയാളികള്‍. തൊടുപുഴയിലെ നാടുകാണി ചുരത്തിലാണ് സംഭവം.

അപകടത്തില്‍ കൊക്കയിലേക്ക് വീണ് മരത്തില്‍ കുടുങ്ങി കിടക്കുന്ന കുടുംബത്തെ രക്ഷിക്കാന്‍ സംഭവം കണ്ടുകൊണ്ടുവന്ന സമീപത്തെ താമസക്കാരനായ സോമന്‍ ചേട്ടന്‍ ശ്രമിച്ചെങ്കിലും സഹായിക്കാന്‍ ആരും തയ്യാറായില്ല. സഹായമഭ്യര്‍ത്ഥിച്ച് നിരവധി വാഹനങ്ങള്‍ക്ക് കൈ കാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. ഒടുവില്‍ റോഡിന് മുന്നില്‍ കയറി നിന്ന് ഗ്യാസ് കുറ്റികള്‍ നിറഞ്ഞ ലോഡുമായി വന്ന വാഹനം നിര്‍ത്തിച്ചാണ് സോമന്‍ ചേട്ടന്‍ സഹായത്തിന് ആളെ കണ്ടെത്തിയത്. പിന്നാലെ വന്ന എക്‌സൈസ് വാഹനവും സഹായത്തിനെത്തിയതോടെ മരത്തില്‍ കുടുങ്ങിയ വാഹനം കയറുകൊണ്ട് കെട്ടി അപകടത്തില്‍പ്പെട്ടവരെ സാഹസികമായി രക്ഷിക്കുകയായിരുന്നു.

അത്രയേറെ ആളുകള്‍ കണ്ടെന്ന് നടിക്കാതെ പോയിട്ടും അവസാനം വരെ സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിച്ച സോമന്‍ ചേട്ടന് ന്ദ്ി അറിയിക്കുകയാണ് സോഷ്യല്‍മീഡിയ. സംഭവം വിവരിച്ച് മനോജ് ഗ്യാലക്‌സിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭവം ലോകത്തെ അറിയിച്ചത്.

മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് ഉച്ചയ്ക്ക് ഇടുക്കിയില്‍ നിന്നും തൊടുപുഴ റൂട്ടില്‍ നാടുകാണി ചുരത്തില്‍ ഈ മനുഷ്യന്‍ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ വണ്ടിക്കാര്‍ അറിയാന്‍ വേണ്ടിയാണ് ഇതെഴുതുന്നത് ,,, കാര്‍ കൊക്കയിലേക്ക് മറിയുന്ന ശബ്ദം കേട്ട് കാറിലെ യാത്രക്കാരുടെ രക്ഷകനായി ആദ്യം ഓടിയെത്തിയ സോമന്‍ ചേട്ടന്‍ കണ്ടത് കൊക്കയിലേക്ക് മറിഞ്ഞ കാര്‍ ചെറിയൊരു ചെടിയില്‍ തട്ടി നില്‍ക്കുന്നതാണ് ,, കാര്‍ ചെറുതായി നിരങ്ങി ഇറങ്ങുന്നത് കണ്ട സോമന്‍ ചേട്ടന്‍ കാറിനുള്ളില്‍ ഇരുന്നവരോട് അനങ്ങാതെ ഇരിക്കു പേടിക്കണ്ട എന്ന് സമാധാനിപ്പിച്ച് റോഡില്‍ കയറി സഹായത്തിനായി പല വാഹനങ്ങള്‍ക്കും കൈ കാണിച്ചിട്ടും ആരും നിര്‍ത്തിയില്ല ,,, പിന്നാലെ ഗ്യാസ് കുറ്റികളുമായി വന്ന ലോറി സോമന്‍ ചേട്ടന്‍ റോഡിനു നടുവില്‍ കയറി നിന്ന് തടഞ്ഞു ,, തൊട്ടുപിന്നാലെ ഇടുക്കി എക്‌സൈസ് ഓഫീസിലെ ജീവനക്കാരുടെ വണ്ടിയും എത്തി ഗ്യാസ് ലോറിയിലെ ജീവനക്കാരും എക്‌സൈസ് ഓഫീസര്‍മാരും സോമന്‍ ചേട്ടനും ചേര്‍ന്ന് അവരുടെ വണ്ടിയിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കയര്‍ കൊണ്ട് കാര്‍ ഒരു മരത്തില്‍ കെട്ടിയിട്ട് അതിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ച് എക്‌സൈസ് ഓഫീസിലെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു,,,, നട്ടുച്ചക്ക് പോലും ഒരു മനുഷ്യന്‍ സഹായത്തിന് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയവര്‍ ഒന്നോര്‍ത്തോ നാളെ നിങ്ങള്‍ക്കും ഇങ്ങനെയൊക്കെ സംഭവിക്കാം ,,,, സോമന്‍ ചേട്ടനും ഗ്യാസ് ലോറിയിലെ ജീവനക്കാര്‍ക്കും ഇടുക്കിഎക്‌സൈസിലെ ഉദ്യോഗസ്ഥര്‍ക്കും ആയിരം അഭിനന്ദനങ്ങള്‍

Exit mobile version