സച്ചിയെ ഓര്‍ത്ത് അഭിമാനം! അര്‍ഹതപ്പെട്ട അംഗീകാരം; ദേശീയ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി
നടന്‍ മോഹന്‍ലാല്‍. സൂര്യ, അജയ് ദേവ്ഗണ്‍, അപര്‍ണ ബാലമുരളി, ബിജു മേനോന്‍, നഞ്ചിയമ്മ എന്നിവര്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരമാണ് ലഭിച്ചത്. സച്ചിയെ അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

‘എല്ലാ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്കും, പ്രത്യേകിച്ച് മികച്ച അഭിനേതാക്കളായ സൂര്യ, അജയ് ദേവ്ഗണ്‍, അപര്‍ണ ബാലമുരളി, ബിജു മേനോന്‍, നഞ്ചിയമ്മ എന്നിവര്‍ക്ക് ഈ അര്‍ഹമായ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

കൂടാതെ, തന്റെ അവസാന സംവിധാന മികവിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ പ്രിയ സച്ചിയെ അഭിമാനത്തോടെ ഓര്‍ക്കുന്നു’, എന്നുമാണ് മോഹന്‍ലാല്‍ കുറിച്ചത്.

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് 68മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സൂരറൈ പോട്രിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ഗണും മികച്ച നടന്മാരുമായി.

അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന്‍ സഹനടനുള്ള അവാര്‍ഡ് നേടി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അന്തരിച്ച സംവിധായകന്‍ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

അയ്യപ്പനും കോശിയും നാല് അവര്‍ഡുകളാണ് മലയാളത്തിലേക്ക് എത്തിച്ചത്.
മികച്ച സംഘട്ടനം (മാഫിയ ശശി), മികച്ച പിന്നണി ഗായിക(നഞ്ചിയമ്മ), മികച്ച സഹനടന്‍( ബിജു മേനോന്‍), മികച്ച സംവിധായകന്‍ (സച്ചി) എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍.

മികച്ച മലയാള സിനിമ ‘തിങ്കളാഴ്ച നിശ്ചയം’ ആണ്. സെന്ന ഹെഗ്‌ഡെയാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

Exit mobile version