കാട്ടിൽ അതിക്രമിച്ചു കയറി കാട്ടാനയെ ഭയപ്പെടുത്തിയ സംഭവം; ചോദ്യം ചെയ്യലിന് എത്താൻ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല, യൂട്യൂബർ അമല ഒളിവിൽ..!

Amala Anu | Bignewslive

കൊല്ലം: വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ച സംഭവത്തിൽ യൂട്യൂബർ കിളിമാനൂർ സ്വദേശി അമല അനു ഒളിവിൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ പങ്കുവെച്ചതിനു പിന്നാലെ വനംവകുപ്പ് അമലയ്‌ക്കെതിരെ കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന് എത്താൻ നോട്ടീസ് നൽകിയെങ്കിലും അമല ഇതുവരെയും ഹാജരായിട്ടില്ല.

21-ാം വയസിൽ ഹെവി ലൈസൻസ് എടുത്ത് സ്വകാര്യ ബസിന്റെ വളയം പിടിച്ച് ആൻമേരി; കോളേജിലേയ്ക്കുള്ള യാത്ര ബുള്ളറ്റിൽ, മാസാണ് ഈ നിയമവിദ്യാർത്ഥിനി

ഒളിവിൽ പോയ ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ കഴിഞ്ഞദിവസം വീട്ടിലെത്തിയ ഉദ്യോഗസ്ഥർ അമലയുടെ അമ്മയുടെ കൈവശം നോട്ടിസ് നൽകി മടങ്ങുകയായിരുന്നു. നോട്ടിസ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. ഇതു പാലിക്കാത്തതിനാൽ സൈബർ സെല്ലിന്റെ ഉൾപ്പെടെ സഹായത്തോടെ അമലയെ പിടികൂടാനാണ് വനംവകുപ്പിന്റെ നീക്കം. ആലപ്പുഴ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തി വരുന്നത്.

ആറു മാസം മുൻപ് തെന്മല മാമ്പഴത്തറ വനത്തിൽ പ്രവേശിച്ച അമല അനു ഹെലിക്യാം, മറ്റു ക്യാമറകൾ എന്നിവ ഉപയോഗിച്ച് കാട്ടാനകളെ ഉൾപ്പെടെ ചിത്രീകരിക്കുകയും ഇവയെ പ്രകോപിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു. ഈ സമയം, ഇവർക്കൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 4 പേരുണ്ടായിരുന്നെന്നും ഇവരെ തിരിച്ചറിഞ്ഞതായും അധികൃതർ പറയുന്നു.

കേന്ദ്ര വനം വന്യജീവി നിയമം, കേരള വനം നിയമം എന്നിവ അനുസരിച്ച് ഒന്നു മുതൽ ഏഴു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് അമലയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. വനം വന്യജീവി നിയമം അനുസരിച്ച് വന്യജീവികളുടെ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലോ, സിനിമ പോലുള്ള മാധ്യമങ്ങളിലോ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. ഗവേഷണം, സിനിമാ ചിത്രീകരണം പോലെയുള്ള കാര്യങ്ങൾക്ക് വനം ഉപയോഗിക്കാൻ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. എന്നാൽ ഇവയെ തള്ളിയാണ് അമല അനധികൃതമായി കാട്ടിലേയ്ക്ക് പ്രവേശിച്ചത്.

Exit mobile version