രാജ്യത്തെ ഭരണഘടനയ്ക്ക് വധഭീഷണി! ബിജെപിയുടെ നേതൃത്വത്തില്‍ ഇനിയൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭരണഘടന കീറി മുറിക്കപ്പെടുമെന്ന് പിഎ മുഹമ്മദ് റിയാസ്

വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ ഭരണഘടന നിലനില്‍ക്കണം.

തിരുവനന്തപുരം: രാജ്യത്തെ ഭരണഘടനയ്ക്ക് ഇന്ന് നിലനില്‍ക്കുന്നത് വധഭീഷണിയെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. ഇത്തവണ രാജ്യത്ത് നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പ്, ഒരു തെരഞ്ഞെടുപ്പ് എന്നതിലുപരി രാജ്യം തന്നെ നിലനില്‍ക്കണോ എന്ന ചോദ്യമുയര്‍ത്തുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവഗംഗയില്‍ അരംഭിച്ച ഡിവൈഎഫ്‌ഐ തമിഴ്‌നാട് പതിനാറാം സംസ്ഥാന സമ്മേളനത്തിന്റെ ശിവഗംഗയില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന തകര്‍ക്കപ്പെട്ടാല്‍ ഇന്ത്യ തന്നെ ഇല്ലാതാവും. ബിജെപിയുടെ നേതൃത്വത്തില്‍ ഇനിയൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭരണഘടന കീറി മുറിക്കപ്പെടും. സ്വാതന്ത്ര്യവും സമത്വവും സാമൂഹിക നീതിയും ഇല്ലാതാകും. ദാദ്രിയില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് അഖ്‌ലാക്ക് മാത്രമല്ല, എന്തു ഭക്ഷിക്കണമെന്ന് ഭരണഘടന നല്‍കിയ അധികാരവും സ്വാതന്ത്ര്യവും കൂടിയാണ്.

എന്തു വസ്ത്രം ധരിക്കണമെന്ന സ്വാതന്ത്രത്തിന്റെ ഭാഗമായി ഹരിയാനയില്‍ ജുനൈദ് കൊല്ലപ്പെട്ടപ്പോള്‍, ഭരണഘടനയും കൊല്ലപ്പെടുകയാണ് ചെയ്തത്. വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ ഭരണഘടന നിലനില്‍ക്കണം. ഇന്ത്യയെയും ഇന്ത്യന്‍ ഭരണഘടനയെയും സംരക്ഷികുകയെന്ന വലിയ ഉത്തരവാദിത്വമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി അഭോയ് മുഖര്‍ജി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ദീപ, എഎ റഹീം, നിധിന്‍ കണിച്ചേരി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Exit mobile version