‘പത്ത് ജന്മം ജനിച്ചാലും പിടി ഉഷയുടെ യോഗ്യത അളക്കാനുള്ള യോഗ്യതയില്ല’; എളമരം കരീമിനെ വിമര്‍ശിച്ച് ബിജെപി നേതാവ്

കൊച്ചി: രാജ്യസഭാ എംപിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട മലയാളി കായിക താരവും ഒളിംപ്യനുമായ പിടി ഉഷയെ പരിഹസിച്ച എളമരം കരീം എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പ്രകാശ് ബാബു രംഗത്ത്.

പി.ടി ഉഷ എന്ന രാജ്യത്തിന്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാന്‍ പോയിട്ട് അടുത്തു നില്‍ക്കാന്‍ പോലും കരീം ഇനിയും പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ലെന്ന് പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

’34 കമ്പനികള്‍ പൂട്ടിച്ച് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിക്കിട്ട്, തഞ്ചവും തരവും നോക്കി നോക്കുകൂലിയും വാങ്ങി നക്കി നക്കി താങ്കള്‍ ജീവിക്കുമ്പോഴും, ഉഷ ഊണുമുറക്കവുമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആത്മാഭിമാനം വാനോളമുയര്‍ത്തി മാതൃരാജ്യത്തെ ലോകരാജ്യങ്ങളുടെ നെറുകയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു’വെന്ന് പ്രകാശ് ബാബു പറഞ്ഞു.

കരീമിന് യോഗ്യത അളന്ന ആളെ മാറിപ്പോയി.

പി.ടി.ഉഷ എന്ന ഭാരതത്തിന്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാന്‍ പോയിട്ട് അടുത്തു നില്‍ക്കാന്‍ പോലും കരീം ഇനിയും പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ല. എന്തു കേട്ടാലും മുന്നിലിരുന്ന് കയ്യടിക്കുന്ന ചില മന്ദബുദ്ധികളുണ്ടെന്നു കരുതി വിമര്‍ശിക്കുമ്പോള്‍ ആളും തരവും നോക്കി വിമര്‍ശിക്കണം

കേരളീയര്‍ക്ക് അറിയാത്ത പ്രത്യേക യോഗ്യതയൊന്നും എളമരം കരീമിനില്ല. പി.ടി.ഉഷ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ലോകം അറിയപ്പെടുന്ന കായികതാരമാണ്. താങ്കളെ പോലുള്ളവര്‍ അപമാനമാകുന്നിടത്ത് അവര്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനമാണ്. അവരുടെ പേര് ഉച്ചരിക്കാന്‍ പോലും താങ്കള്‍ക്ക് യോഗ്യതയില്ല. പി.ടി.ഉഷയുടെ യോഗ്യത അളക്കുന്നതിനു മുന്‍പ് സ്വന്തം യോഗ്യതയെങ്ങാനും വേണ്ടവിധത്തില്‍ ജനങ്ങള്‍ അളന്നാല്‍ നിങ്ങള്‍ മുണ്ടും തലയിലിട്ടു നടക്കേണ്ടി വരും. വെറുതെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കരുത്.

ഒരു കാര്യം ശരിയാണ്. പി.ടി.ഉഷയുടെ ചെരിപ്പും താങ്കളെയും ത്രാസിലിട്ടാല്‍ താങ്കള്‍ ഉയര്‍ന്നുതന്നെ നില്‍ക്കും. അതും ഒരുറുമ്പുണ്ടാക്കുന്ന ചലനം പോലുമില്ലാതെ. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനി ഉള്‍പ്പെടെ 34 കമ്പനികള്‍ പൂട്ടിച്ച് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിക്കിട്ട്, തഞ്ചവും തരവും നോക്കി നോക്കുകൂലിയും വാങ്ങി നക്കി നക്കി താങ്കള്‍ ജീവിക്കുമ്പോഴും,

അതിനിടയില്‍ നമുക്കു നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രം എന്ന് പാവങ്ങളെ പറഞ്ഞു പറ്റിച്ച് അവരുടെ പിന്‍ബലത്തില്‍ കോടികള്‍ സമ്പാദിച്ച് തൊഴിലാളി സഖാവ് വന്‍മരമാകുമ്പോള്‍ പി.ടി.ഉഷ ഊണും ഉറക്കവുമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആത്മാഭിമാനം വാനോളമുയര്‍ത്തി മാതൃരാജ്യത്തെ ലോകരാജ്യങ്ങളുടെ നെറുകയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു.

മറ്റുള്ളവരുടെ യോഗ്യത അളക്കുമ്പോള്‍ ഞാനാരാണ് എന്ന് മിനിമം ചിന്തിക്കാനെങ്കിലും പരിശ്രമിക്കാനുള്ള സമയമാണിതെന്ന് താങ്കളെ ഓര്‍മിപ്പിക്കുന്നു.

Exit mobile version