പൊറോട്ടയ്ക്ക് 12 രൂപ! വില കൂടിപ്പോയെന്ന് ആരോപിച്ച് ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു

ആറ്റിങ്ങല്‍: പൊറോട്ടയ്ക്ക് അധിക വില ഈടാക്കിയെന്നാരോപിച്ച് ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങല്‍ മൂന്ന്മുക്ക് ബിഎല്‍ നിവാസില്‍ ഡിജോയിക്കാണ് (34) പരിക്കേറ്റത്.

ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാന്‍ഡ് എന്ന ഹോട്ടലിലാണ് സംഭവം. കാറിലെത്തിയ സംഘമാണ് ഡിജോയിയെ ആക്രമിച്ചത്. ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.45-നാണ് സംഭവം. കാറിലെത്തിയ അഞ്ചംഗസംഘം ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച് പണമടച്ച ശേഷം മടങ്ങി. അല്പസമയം കഴിഞ്ഞ് ഈ സംഘം തിരികെ ഹോട്ടലിലെത്തി പൊറോട്ടയ്ക്ക് അമിതവില ഈടാക്കിയെന്നാരോപിച്ച് ഡിജോയിയുമായി വഴക്കുണ്ടാക്കി.

ഒരു പൊറോട്ടയ്ക്ക് 12 രൂപയാണ് ഇവിടത്തെ വില. തുടര്‍ന്ന് ക്യാഷ് കൗണ്ടറിലായിരുന്ന ഡിജോയിയെ സംഘം കടയ്ക്ക് പുറത്തേയ്ക്ക് വിളിച്ചുകൊണ്ടുപോയി. ഡിജോയി പോലീസിനെ വിളിക്കാനായി ഫോണെടുത്തപ്പോള്‍ കടയ്ക്കുമുന്നില്‍ അടുക്കിവച്ചിരുന്ന പാലിന്റെ ഡ്രേ എടുത്ത് അക്രമികളിലൊരാള്‍ പിന്നില്‍നിന്നു തലയ്ക്കടിക്കുകയായിരുന്നു.

അടികൊണ്ട് നിലത്തുവീണ ഡിജോയിയെ വീണ്ടും മര്‍ദ്ദിച്ച ശേഷം സംഘം കാറില്‍ രക്ഷപ്പെട്ടു. ഹോട്ടല്‍ ജീവനക്കാരെത്തിയാണ് ഡിജോയിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു.

Exit mobile version