കൃത്യമായി വാക്‌സിൻ എടുത്തിട്ടും കോളേജിൽ പോയി വന്നതോടെ പനി; മരുന്ന് നൽകി, വെള്ളം കുടിച്ചതിന് പിന്നാലെ ലക്ഷണം കാണിച്ചു; പേവിഷ ബാധയേറ്റ് മരിച്ച ശ്രീലക്ഷ്മിയുടെ അച്ഛന്റെ വാക്കുകൾ

തൃശ്ശൂർ: അടുത്തവീട്ടിലെ വളർത്തുനായയുടെ കടിയേറ്റ ശ്രീലക്ഷ്മിക്ക് കൃത്യമായ ഇടവേളകളിൽ വാക്സിൻ കുത്തിവെച്ചിരുന്നെന്ന് ശ്രീലക്ഷ്മിയുടെ അച്ഛൻ സുഗുണൻ. ആരോഗ്യവകുപ്പ് നിർദേശിച്ച പ്രകാരം നായയുടെ കടിയേറ്റ മെയ് 30, ജൂൺ 2, ജൂൺ 6, ജൂൺ 27 എന്നീ തിയതികളിൽ വാക്സീൻ എടുത്തിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് സിറവും നൽകിയിരുന്നെന്നാണ് സുഗുണൻ പറയുന്നത്.

എന്നാൽ, ജൂൺ 28ന് കോളേജിൽ പരീക്ഷയ്ക്ക് പോയി വരുമ്പോൾ പനി അനുഭവപ്പെട്ടെന്നും തുടർന്ന് മരുന്ന് വാങ്ങി നൽകി. എന്നാൽ പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോൾ ലക്ഷണം കാണിക്കുകയായിരുന്നു. ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് പേ വിഷബാധ സ്ഥിരീകരിച്ചതെന്നും പിതാവ് പറഞ്ഞു.

മെയ് 30 നാണ് ശ്രീലക്ഷ്മിയെ വളർത്തുനായ കടിക്കുന്നത്. തുടർന്ന് കുത്തിവെപ്പുകളെടുത്തു. ജൂൺ 29ന് ലക്ഷണങ്ങൾ കാണിച്ച പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. റാബീസ് വാക്സിൻ എടുത്തിരുന്നുവെങ്കിലും ചികിത്സക്കിടയിൽ ലക്ഷണം കാണിച്ച് തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് ജീവൻ രക്ഷിക്കാനായില്ല. പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിർദേശിച്ച നാല് വാക്‌സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കളെല്ലാവരും പറയുന്നു.

ALSO READ- എല്ലാമരുന്നും എല്ലാവരിലും ഫലിക്കില്ല; വാക്‌സിനും സിറവും എടുത്തിട്ടും പത്തൊൻപതുകാരി മരിച്ചത് മരുന്നിന്റെ കുഴപ്പം കാരണമല്ലെന്ന് ഡോക്ടർമാർ; കൂടുതൽ അന്വേഷണം

ഇതുവരെ പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപാണ് ചില ലക്ഷണങ്ങൾ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടർന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും പരിശോധനകളിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു.

ശ്രീലക്ഷ്മിയെ നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉടമ തടയാൻ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. അപൂർവ്വമായി ചില ആളുകളിൽ വാക്‌സീൻ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാമെന്നും എല്ലാ മരുന്നും എല്ലാവരിലും ഫലിക്കില്ലെന്നുമാണ് പ്രാഥമിക നിരീക്ഷണത്തിൽ ഡോക്ടർമാർ പ്രതികരിച്ചത്. ആഴത്തിൽ മുറിവേറ്റതാകാം റാബീസ് വൈറസ് വാക്‌സിനേയും പ്രതിരോധിച്ച് തലച്ചോറിനെ ബാധിക്കുന്നതിന് കാരണമായത് എന്നാണ് നിലവിലെ നിഗമനം.

Exit mobile version