പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിന് ഇന്ത്യയുമായി തന്നെ ബന്ധമില്ല, പിന്നെ മാത്യു കുഴൽനാടൻ ആരോപിക്കുന്ന വിവാദത്തിലെ വസ്തുത

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയുടെ നിയമസഭയിലെ ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഉന്നയിക്കപ്പെട്ട് അന്നു തന്നെ തകർന്നുപോയ ഒരു ആരോപണമാണ് എംഎൽഎ മറ്റൊരു ദുരാരോപണമായി നിയമസഭയിൽ കഴിഞ്ഞദിവസം ഉയർത്തിക്കൊണ്ടു വന്നത്. കഴിഞ്ഞ തവണ ഇതേ കാര്യം ഉന്നയിച്ചപ്പോൾ അതിന്റെ മുന അന്ന് തന്നെ ഒടിയുകയും മറ്റാരും ഇക്കാര്യം ഏറ്റെടുക്കുക പോലും ചെയ്തിരുന്നില്ല. അതേ അസംബന്ധമാണ് വീണ്ടും ഒരു വർഷത്തിനിപ്പുറം അച്ചടി ഭാഷയിൽ മാത്യു കുഴൽനാടൻ എംഎൽഎ ആവർത്തിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ നിയമസഭയിൽ വെച്ച് മുഖ്യമന്ത്രിയോട് ജെയ്ക് ബാലകുമാർ അങ്ങയുടെ മകളുടെ മെന്ററെ പോലെയാണെന്ന് മകൾ പറഞ്ഞ കാര്യം അങ്ങേയ്ക്ക് നിഷേധിക്കാൻ കഴിയുമോ എന്ന് ചോദിച്ചത്. ഇതിന്, ജെയ്ക് ബാലകുമാർ മെന്ററെ പോലെയാണെന്ന് എന്റെ മകൾ ഒരിടത്തും പറഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകുകയും ചെയ്തു.

മുഖ്യമന്ത്രി വിഷയത്തിൽ വ്യക്തത വരുത്തിയതോടെ അവസാനിക്കേണ്ടിയിരുന്ന ഈ ആരോപണത്തെ എന്നാൽ വലിയ ചർച്ചയാക്കാനായി പ്രതിപക്ഷം തന്നെ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ പഴയ അഭിമുഖത്തിന്റെ ക്ലിപ്പും വെബ്സൈറ്റിൽ എഡിറ്റിങ് നടത്തിയതിന്റെ സ്‌ക്രീൻഷോട്ടുകളും ഒക്കെയായാണ് പ്രതിപക്ഷം രംഗത്തിറങ്ങിയത്. എന്നാൽ ഒരുവർഷം മുൻപ് ആരോപിച്ച് പൊളിഞ്ഞ അതേ സംഭവം വീണ്ടും ഉയർത്തിക്കാണിച്ച് നാണംകെടുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നതെന്ന് സോഷ്യൽമീഡിയ തിരിച്ചടിക്കുകയും ചെയ്തു.

ALSO READ- കോടതി നിർദേശിച്ചത് പ്രകാരം സ്ഥലം അളക്കാൻ എത്തി; വീട്ടമ്മയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടു; താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ

ഇനി അഥവാ പ്രതിപക്ഷത്തിന്റെ ആരോപണം മുഖവിലയ്‌ക്കെടുത്ത് ആഴത്തിൽ വസ്തുതകൾ പരിശോധിച്ചാലും ഒരു തരത്തിലും ഇവ നിലനിൽക്കുന്നതല്ല എന്ന് വ്യക്തമാണ്. ഇക്കാര്യം സോഷ്യൽമീഡിയ തന്നെ വ്യക്തമാക്കുന്നുമുണ്ട്. ജെയ്ക് ബാലകുമാർ പിഡബ്ല്യുസി എന്ന ആഗോളതലത്തിൽ നിറഞ്ഞുനിൽക്കുന്ന കമ്പനിയുടെ ആയിരക്കണക്കിന് ഡയറക്ടറുമാരിൽ ഒരാളാണ്. മലയാളിയായ അമേരിക്കൻ പൗരനായ ഇദ്ദേഹത്തിന് ഇന്ത്യയുമായോ ഏഷ്യയിലെ ഏതെങ്കിലും പ്രൊജക്ടുമായി പോലുമോ ബന്ധമില്ല.

പിഡബ്ല്യുസി എന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന ആഗോള ഭീമൻ കമ്പനി ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ പ്രൊഫഷനൽ സർവീസ് നെറ്റ് വർക്ക് കമ്പനിയാണ്. ഈ കമ്പനി 157 രാജ്യങ്ങളിൽ, 742 ലൊക്കേഷനുകളിൽ പ്രവർത്തിക്കുന്നുമുണ്ട്. കഴിഞ്ഞ കൊല്ലം ഒരു ലക്ഷത്തിനടുത്ത് ആളുകൾ പിഡബ്ല്യുസിയിൽ ജോലിക്ക് ചേർന്നിട്ടുണ്ടെന്ന് കണക്കുകൾ തന്നെ പറയുന്നു.

ഇത്തരത്തിൽ ഇരുപത്തിനായിരത്തിനടുത്ത് ഡയറക്ടർമാർ മാത്രമുള്ള പിഡബ്ല്യുസിയിലെ ഒരു ഡയറക്ടറായ ജെയ്ക് ബാലകുമാറിന്റെ പേര് ഉയർത്തിപ്പിടിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനായിരുന്നു പ്രതിപക്ഷ ശ്രമം. സംഭവം പാളിയെങ്കിലും തോൽവി സമ്മതിക്കാതെ പ്രതിപക്ഷം വീണ്ടും കുപ്രചാരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനെ രൂക്ഷമായി സോഷ്യൽമീഡിയ വിമർശിക്കുന്നുമുണ്ട്. വസ്തുതകൾ നിരത്തി തന്നെയാണ് പ്രതിപക്ഷത്തിന്റെ ദുരാരോപണത്തെ സോഷ്യൽമീഡിയ നേരിടുന്നത്.

*ജെയ്ക് ബാലകുമാറും സ്‌പേസ് പാർക്കും സ്വപ്‌നയും തമ്മിൽ ബന്ധമുണ്ടോ?

കേരള ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ പ്രോജക്ടാണ് സ്പേസ് പാർക്ക്. ഇതിന്റെ കൺസൾട്ടന്റാണ് പിഡബ്ല്യുസി എന്നതാണ് ജെയ്കിനെ കേരളവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന ഏക പോയിന്റ്. എന്നാൽ ഈ പ്രോജക്ടിൽ യാതൊരു തരത്തിലും ജെയ്കിന് മേൽനോട്ടമില്ലെന്ന് വ്യക്തവുമാണ്. ഈ സ്പേസ് പാർക്ക് പ്രോജക്ടിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു മുൻപ് സ്വപ്ന സുരേഷ്. ഇതിന്റെ പേരിലാണ് മുഖ്യമന്ത്രിയേയും മകളേയും ജെയ്കിനേയും ബന്ധപ്പെടുത്തി പ്രതിപക്ഷം വേട്ടയാടാൻ ഒരുങ്ങുന്നത്.

എന്നാൽ. പിഡബ്ല്യുസിയുടെ നയപരമായ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനുള്ള പദവിയോ അധികാരമോ ഒന്നും തന്നെ ജെയ്കിനില്ല. മാത്രവുമല്ല, കമ്പനിയുടെ ഇന്ത്യയിലെ പോയിട്ട് ഏഷ്യാ വൻകരയിലെ ഒരു പ്രോജക്റ്റും ജെയ്ക് ഇതുവരെയും ഏറ്റെടുത്തിട്ടില്ല. വീണ വഴി സ്വാധീനം ചെലുത്തിയിട്ടാണ് സ്വപ്നയ്ക്ക് ഐടി വകുപ്പിൽ പിഡബ്ല്യുസിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ കരാർ ജോലി കിട്ടിയത് എന്നത് ഏതായാലും വല്ലാത്ത കണ്ടുപിടുത്തം തന്നെയാണെന്ന് പ്രതിപക്ഷത്തെ സോഷ്യൽമീഡിയ വിമർശിക്കുന്നു.

അതേസമയം, പിഡബ്ല്യുസിയിൽ ജോലി ചെയ്യുന്ന ജെയ്ക് ബാലകുമാർ വീണ വിജയന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന വ്യക്തിയുടെ ബന്ധുവാണ് എന്നതിൽ കവിഞ്ഞ് കമ്പനിയുമായി ബന്ധപ്പെടുത്തുന്ന മറ്റൊന്നും കണ്ടെത്താൻ പ്രതിപക്ഷത്തിന് പോലും സാധിച്ചിട്ടില്ല. കമ്പനിയുടെ കൺസൽറ്റന്റായി വെബ്‌സൈറ്റിൽ മുൻപ് ജെയ്കിന്റെ പേരും നൽകിയിരുന്നു എന്നാണ് പ്രതിപക്ഷം തുടക്കം മുതൽ ആവേശത്തിൽ ആരോപിക്കുന്നത്.

എന്നാൽ പിഡബ്ല്യുസി പോലൊരു കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളായ വ്യക്തി വീണ വിജയന്റെ എക്‌സലോജിക്ക് കമ്പനിയുടെ കൺസൽറ്റന്റായാൽ എന്താണ് പ്രശ്നമെന്ന് ഇനിയും പ്രതിപക്ഷം പറയുന്നില്ല. സ്റ്റാർട്ട് അപ്പായി തുടങ്ങിയ വീണയുടെ കമ്പനിയുടെ കൺസൽറ്റന്റുകളിൽ ഒരാൾ മാത്രമായിരുന്നു ജെയ്ക്. ഇതു ഒരു പേരിന് മാത്രം നൽകുന്ന തസ്തികയും സ്ഥാനപ്പേരുമാണെന്ന് വ്യക്തമാണ്. പിന്നീട് പിഡബ്ല്യുസിയുമായി ഉയർന്ന് കേട്ട കേരളത്തിലെ വിവാദം കാരണം ജെയ്ക് തന്നെ പേര് ഒഴിവാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം വീണ വിജയൻ തന്നെ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

ALSO READ- വായ്പ തിരിച്ചടവ് മുടങ്ങി; വീട്ടുചുമരിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഉടമസ്ഥാവകാശം എഴുതിവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം; ഭീഷണിയും, ക്രൂരത

ഈ വീഡിയോ ക്ലിപ്പ് ചൂണ്ടിക്കാണിച്ചാണ് വീണ വിജയന്റെ മെന്ററാണ് ജെയ്ക് എന്ന രീതിയിൽ പ്രതിപക്ഷം പ്രചാരണം നടത്തുന്നതും. എന്നാൽ വ്യക്തമായി വിശദീകരണം നൽകിയിട്ടും ഒരു വർഷം മുൻപ് തന്നെ ആരോപണം ചീറ്റിപോയിട്ടും ഇക്കാര്യം വീണ്ടും ഉയർത്തികൊണ്ടു വരുന്നതിനെ സോഷ്യൽമീഡിയ തന്നെ ശക്തമായി പ്രതിരോധിക്കുന്നുണ്ട്.

പിഡബ്ല്യുസി എന്ന കമ്പനിയിലെ ഇരുപത്തിനായിരത്തിനടുത്ത് ഡയറക്ടർമാരിൽ ഒരാളായ, ഇന്ത്യയിലെയോ ഏഷ്യാ വൻകരയിലെയോ പോലും
ഒരു പ്രോജക്ടിലും ഉൾപ്പെട്ടിട്ടില്ലാത്ത, അമേരിക്കൻ മലയാളിയായ ജെയ്ക്കിനോട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ശുപാർശ ചെയ്‌തെന്ന വാദം പരിഹാസ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണങ്ങൾ ഒരുവർഷം മുൻപ് തന്നെ ചീറ്റി പോയവയാണെന്നും സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. വീണ വ്യക്തമായി വിശദീകരിച്ചതാണ് ഇപ്പോൾ ഉയർന്ന ആരോപണങ്ങളിലെ കഴമ്പില്ലായ്മയെന്നും സോഷ്യൽമീഡിയ പറയുന്നു.

പിഡബ്ല്യുസി എന്ന ലോകവ്യാപക കമ്പനിയുടെ പത്തൊമ്പതിനായിരത്തിലേറെ ഡയറക്ടർമാരിലൊരാളായിരുന്ന ജെയ്ക് ബാലകുമാറിനെ, അയാളുടെ പ്രവർത്തന മേഖലയുമായി വിദൂര ബന്ധം പോലുമില്ലാത്ത ഇന്ത്യയിലെ കാര്യങ്ങളുമായി ബന്ധപ്പെടുത്തി കഥ മെനയാൻ ചിലർ ശ്രമിച്ചത് പൊളിഞ്ഞു പാളീസായിട്ടുണ്ടെന്ന് വ്യക്തം. കമ്പനിയുടെ കൺസൽട്ടന്റായി പേരു ചേർത്തയാളെ വ്യക്തിയുടെ മെന്ററാക്കി കള്ളക്കഥ മെനഞ്ഞ എംഎൽഎയ്ക്ക് എതിരെ സോഷ്യൽമീഡിയയിൽ രോഷം ഉയർന്നു കഴിഞ്ഞു.

ഈ വിവാദം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണ് മന്ത്രിമാരായ വീണ ജോർജും മന്ത്രി പിഎ മുഹമ്മദ് റിയാസും പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളിക്കൊണ്ട് പ്രതികരിച്ചിരിക്കുന്നത്.

Exit mobile version