‘കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അപ്പുറം തരൂരും സ്വരാജും വി. മുരളീധരനും കൈകോര്‍ത്തു’: ഇറാഖില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലേത്തിക്കാന്‍ സഹായിച്ച നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് മാത്യു കുഴല്‍നാടന്‍; വൈറല്‍ കുറിപ്പ്

കൊച്ചി; ഇറാഖില്‍ കുടിക്കിപ്പോയ മലയാളികളെ നാട്ടിലേത്തിക്കാന്‍ സഹായിച്ച രാഷ്ട്രീയ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ജോലി നഷ്ടപ്പെട്ടവരും, വിസ കാലാവധി തീര്‍ന്നവരും, നഴ്‌സുമാരും അടക്കമുള്ള മലയാളികളെ നാട്ടിലേത്തിക്കാന്‍ കക്ഷി രാഷ്ട്രീയ, പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ക്ക് അപ്പുറം സഹായിച്ചത് ശശി തരൂരും എം സ്വരാജും വി. മുരളീധരനും ആണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാത്യു കുഴല്‍നാടന്‍ നന്ദി അറിയിച്ചത്.

ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നവരെ സംബന്ധിച്ച് അവര്‍ക്കുവേണ്ടി എല്ലാം ചെയ്തത് ഞാനാണ്. അതുകൊണ്ടുതന്നെ അവരുടെ ചില ഫേസ്ബുക്ക് പോസ്റ്റുകളും, ചില ഓണ്‍ലൈന്‍ വാര്‍ത്തകളും ഒക്കെ ആ നിലയ്ക്ക് വന്നതുകൊണ്ട് കൂടിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ യാഥാര്‍ത്ഥ്യം പറയണം എന്ന് തോന്നിയത്. – മാത്യു കുഴല്‍നാടന്‍ കുറിച്ചു.

കക്ഷി രാഷ്ട്രീയ, പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ക്ക് അപ്പുറം ഒരു നന്മയ്ക്കുവേണ്ടി ഒപ്പം നിന്ന അവര്‍ക്ക് അവകാശപ്പെട്ടതാണ് ഇതിന്റെ ക്രെഡിറ്റ്.
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉള്ള അഭിമാനവും സന്തോഷവും എനിക്കും. എല്ലാവര്‍ക്കും നന്ദി..- മാത്യു കുഴല്‍നാടന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

‘ഇന്നവര്‍ കൂടണയും.. ‘

ഏറെ സന്തോഷത്തോടെയാണ് ഇതെഴുതുന്നത്. അതുപോലെതന്നെ ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയുന്നതിനും.

ഞാന്‍ ഇതെഴുതുമ്പോള്‍ അവര്‍ ഇറാഖിന്റെ മണ്ണില്‍ നിന്നും പറന്നുയര്‍ന്നിട്ടുണ്ടാകും..

ആഴ്ചകള്‍ നീണ്ട പരിശ്രമത്തിനാണ് ശുഭ സുന്ദരമായ പര്യവസാനം ഉണ്ടാകുന്നത്.

പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘പ്രവാസികള്‍ക്ക് വേണ്ടി ഒരു ദിനം’ എന്ന പരിപാടിയില്‍ വെച്ചാണ് ഇപ്പോള്‍ ദുബായിലുള്ള, അഞ്ചല്‍, ചണ്ണപ്പേട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാലു, ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ദയനീയ അവസ്ഥ വിവരിച്ചത്. ജോലി നഷ്ടപ്പെട്ടവരും, വിസ കാലാവധി തീര്‍ന്നവരും, നഴ്‌സുമാരും അടക്കം നിരവധി മലയാളികള്‍ ആശ്രയമില്ലാതെ കഴിയുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. മറ്റു രാജ്യങ്ങളെ പോലെ പുറത്തിറങ്ങി സ്വതന്ത്രമായി നടക്കാനോ, പിന്തുണയ്ക്കാന്‍ പ്രവാസിസംഘടനകള്‍ അസോസിയേഷനുകളോ ഒന്നുമില്ല. മാസങ്ങളായി നാട്ടില്‍ വരാന്‍ ഉള്ള പരിശ്രമം ഒരു വഴിക്കും എത്താതെ നിരാശയില്‍ കഴിയുകയാണ് അവര്‍ എന്ന് അറിയാന്‍ കഴിഞ്ഞു.

പിന്നീട്, ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന ഇറാഖി പൗരന്മാരെ കൊണ്ടുപോകാന്‍ ഇറാഖ് വിമാനം അയക്കുന്നു എന്ന അറിവ് കിട്ടിയപ്പോഴാണ് പരിശ്രമം ആരംഭിക്കുന്നത്. ഇങ്ങോട്ട് വരുന്ന ഫ്‌ലൈറ്റില്‍ ഇന്ത്യക്കാരെ കൊണ്ടുവന്ന് മടങ്ങുംവഴി ഇറാഖി പൗരന്മാരെ കൊണ്ടുപോകാന്‍ കഴിയുമോ എന്ന് അന്വേഷിച്ചപ്പോള്‍ ഒരുപാട് നൂലാമാലകള്‍ ആയിരുന്നു.

ഇറാഖിലെ കാര്യങ്ങള്‍ ഗെയ്ത്ത് ഹംസ എന്ന സുഹൃത്ത് ഏറ്റെടുത്തു. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പല മന്ത്രാലയങ്ങളുടെയും അനുമതി ആവശ്യമായി വന്നു. കേന്ദ്രമന്ത്രി വി മുരളീധരനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം എല്ലാ പിന്തുണയും അറിയിക്കുകയും, അനുഭാവപൂര്‍വ്വം കാര്യങ്ങള്‍ ചെയ്തു തരികയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ, സമയത്തും അസമയത്തും അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോഴും ഒരു ബുദ്ധിമുട്ടും അദ്ദേഹം കാണിച്ചില്ല.

കാര്യങ്ങള്‍ ഒരു വഴിക്കായി വന്നപ്പോഴാണ് ഗെയ്ത്ത് പറഞ്ഞത്, മലയാളികള്‍ മാത്രമായാല്‍ ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്യാനുള്ള എണ്ണം തികയുന്നില്ല. അതുകൊണ്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള 30 പേരെ കൂടി കൊണ്ടുവരാനുള്ള അനുമതി വാങ്ങണമെന്ന്. കാര്യങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരും എന്ന് തോന്നിയെങ്കിലും പരിശ്രമം തുടര്‍ന്നു. വീണ്ടും ഡല്‍ഹിയില്‍ നിന്നും പുതിയ അനുമതികള്‍ വേണ്ടിവന്നു.

എന്തിനും ഏതിനും എനിക്ക് എപ്പോഴും വിളിക്കാവുന്ന പ്രിയപ്പെട്ട ശ്രി ശശി തരൂരിനെ ഇടപെടുത്തി. കാര്യങ്ങള്‍ ഒരു വഴിക്കായി വന്നപ്പോഴാണ് പുതിയ തടസ്സം. തമിഴ്‌നാട്ടില്‍ ഉള്ളവരെ കേരളത്തില്‍ ഇറക്കണം എങ്കില്‍ കേരളത്തിന്റെ NOC വേണം. അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് വിളിച്ചത് എം സ്വരാജിനെ ആണ്. പൊതുവേ കാര്‍ക്കശ്യ സ്വഭാവം ആണ് സ്വരാജില്‍ നമ്മള്‍ കണ്ടിട്ടുള്ളത് എങ്കിലും, വളരെ ആര്‍ദ്രതയോടെ ആണ് അദ്ദേഹം ഈ വിഷയത്തില്‍ ഇടപെട്ടത്. ഉടന്‍തന്നെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ശേഷം ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും വേണ്ട അനുമതികള്‍ ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കി. അതിനുവേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ IAS നെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും തൊട്ടുപിന്നാലെ അറിയിച്ചു.

കാര്യങ്ങളുടെ പ്രയാസം ഗെയിത്തിനും ബോധ്യപ്പെട്ടു. ഞാന്‍ തിരിച്ച് ഒരു സഹായം ആവശ്യപ്പെട്ടു. അര്‍ഹരായ 30 മലയാളികളെ സൗജന്യമായി കൊണ്ടുവരാന്‍ തയ്യാറാകണം. അപ്പോള്‍ തന്നെ ഗെയിത്ത് അംഗീകരിച്ചു. ഗര്‍ഭിണികള്‍ക്കും, ആരോഗ്യ പ്രവര്‍ത്തകരായ നഴ്‌സുമാര്‍ക്കും, തൊഴില്‍ നഷ്ടപ്പെട്ട നിര്‍ധനരായ പ്രവാസികള്‍ക്കും സൗജന്യ ടിക്കറ്റ് നല്‍കാന്‍ തീരുമാനമായി.

പിന്നീട് ആഴ്ചകളോളം നീണ്ട നിരന്തരമായ കമ്മ്യൂണിക്കേഷനു ശേഷമാണ് ഇറാഖില്‍ നിന്നും ഫ്‌ലൈറ്റ് എന്ന ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിയത്. ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നവരെ സംബന്ധിച്ച് അവര്‍ക്കുവേണ്ടി എല്ലാം ചെയ്തത് ഞാനാണ്. അതുകൊണ്ടുതന്നെ അവരുടെ ചില ഫേസ്ബുക്ക് പോസ്റ്റുകളും, ചില ഓണ്‍ലൈന്‍ വാര്‍ത്തകളും ഒക്കെ ആ നിലയ്ക്ക് വന്നതുകൊണ്ട് കൂടിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ യാഥാര്‍ത്ഥ്യം പറയണം എന്ന് തോന്നിയത്. കേന്ദ്രമന്ത്രി വി മുരളീധരനിലേക്ക് എത്തിച്ചേരാന്‍ സഹായിച്ച സുഹൃത്ത് സന്ദീപ് വാര്യറെ വിസ്മരിക്കുന്നില്ല.

കക്ഷി രാഷ്ട്രീയ, പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ക്ക് അപ്പുറം ഒരു നന്മയ്ക്കുവേണ്ടി ഒപ്പം നിന്ന അവര്‍ക്ക് അവകാശപ്പെട്ടതാണ് ഇതിന്റെ ക്രെഡിറ്റ്.

ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉള്ള അഭിമാനവും സന്തോഷവും എനിക്കും.

എല്ലാവര്‍ക്കും നന്ദി..

Exit mobile version