ഡ്യൂട്ടി സമയത്ത് നഴ്‌സുമാരെ കൂട്ടി ഡോക്ടര്‍ വിനോദയാത്രയ്ക്ക് പോയി: പകരം ചികിത്സ നടത്തി മകന്‍; ഡോക്ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍

ഈറോഡ്: ഡ്യൂട്ടി സമയത്ത് വിനോദയാത്രയ്ക്ക് പോയ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സസ്‌പെന്‍ഷന്‍. പകരം ചികിത്സ നടത്തിയ മകനെതിരെ കേസ്.
ഗോപിചെട്ടിപ്പാളയം കൗവുന്തംപാടി സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ ദിനകര്‍(57), വനിതാ ഡോക്ടര്‍ ഷണ്മുഖവടിവ് (32) എന്നിവരെയും രണ്ട് നഴ്‌സുമാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ക്കു പകരം ചികിത്സ നടത്തിയ മകന്‍ അശ്വിന്(29) എതിരെ കേസും എടുത്തു. അശ്വിന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറാണ്.

ഡ്യൂട്ടി സമയത്ത് ഡോ.ദിനകര്‍ വനിതാ ഡോക്ടര്‍ക്കും നഴ്‌സുമാര്‍ക്കുമൊപ്പം ഹൊഗനക്കല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയെന്ന പരാതിയിലാണ് നടപടിയെടുത്തത്.

ഞായറാഴ്ച വൈകിട്ട് വയറുവേദനയുമായി ആശുപത്രിയിലെത്തിയ രോഗി മുതിര്‍ന്ന ഡോക്ടറെയും അദ്ദേഹം അവധിയാണെങ്കില്‍ ഉണ്ടാവേണ്ട വനിതാ ഡോക്ടറെയും കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍മാരുടെ ടൂര്‍ അറിഞ്ഞത്.
ഇതോടെ രോഗി കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നാലുപേരും ഡ്യൂട്ടി സമയത്ത് വിനോദയാത്ര പോയതായി കണ്ടെത്തി, തുടര്‍ന്നാണ് നടപടി.

Exit mobile version