കേരളത്തിന്റെ സ്വന്തം സൈനികരായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും; ശശി തരൂര്‍ എംപി

സേന വിഭാഗങ്ങള്‍ക്ക് പോലും എത്തിച്ചേരാന്‍ പറ്റാത്ത ഇടങ്ങളിലേക്ക് തങ്ങളുടെ ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം സൈനികരായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍ എംപി. പ്രളയത്തില്‍ മത്സ്യതൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ചെയ്യുകയെന്ന് ശശിതരൂര്‍ പറഞ്ഞു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പുറത്തുനിന്നുള്ള എന്‍ട്രി എന്ന നിലയില്‍ ആയിരിക്കും മത്സ്യത്തൊഴിലാളികളെ ശുപാര്‍ശ ചെയ്യുക എന്നാണ് അറിയുന്നത്.

പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈ പിടിച്ച് ഉയര്‍ത്തിയവരാണ് മത്സ്യതൊഴിലാളികള്‍. സേന വിഭാഗങ്ങള്‍ക്ക് പോലും എത്തിച്ചേരാന്‍ പറ്റാത്ത ഇടങ്ങളിലേക്ക് തങ്ങളുടെ ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.

കേരളത്തിന്റെ സ്വന്തം സൈനികര്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരുടെ സേവനത്തെ പ്രകീര്‍ത്തിച്ചത്. പ്രളയ സമയത്ത് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും മത്സ്യതൊഴിലാളികളുടെ സേവനത്തെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു.

Exit mobile version