ബൈക്കിൽ നിന്നും വീഴ്ത്തി കൊലപ്പെടുത്തി അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം; സജുവിന്റെയും അക്ഷയ്‌ന്റേയും അതിബുദ്ധി പൊളിച്ച് പോലീസ്

പാലക്കാട്: ബൈക്കിൽ പിന്തുടർന്ന് യുവാവിനെ അപകടത്തിൽപെടുത്തി കൊലപ്പെടുത്തി അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റ്. ചൊവ്വാഴ്ച രാത്രി കല്ലിങ്കലിൽ വഴിയരികിൽ യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവമാണ് ആസൂത്രിതമെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. യുവാവിനെ ബൈക്കിൽനിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു.

കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് (33) ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ കൊടുമ്പ് സ്വദേശികളായ രണ്ടുപേരെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. തിരുവാലത്തൂർ കല്ലിങ്കൽ വീട്ടിൽ സജു (33), അക്ഷയ് (24) എന്നിവരാണ് പിടിയിലായത്.

ഗിരീഷും പ്രതികളും തമ്മിൽ രാത്രി വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് ബൈക്കിൽ മടങ്ങിയ ഗിരീഷിനെ ഇരുവരും പിന്തുടരുകയും തലയ്ക്കടിച്ചുവീഴ്ത്തി പ്രതികൾ രക്ഷപ്പെടുകയുമായിരുന്നു. അബോധാവസ്ഥയിൽ ഗിരീഷിനെ കണ്ടെത്തിയ നാട്ടുകാരും പോലീസും ബൈക്ക് അപകടമാണെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നിയ ടൗൺ സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകശ്രമമാണെന്ന് കണ്ടെത്തുകയായിരുന്നു.

also read- ‘ചത്തിരിക്കുന്നു’ എന്ന് സഹോദരിയോട് പറഞ്ഞു; പോലീസിനോട് പറഞ്ഞത് മരിച്ചനിലിൽ കണ്ടെന്ന്; വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് തെളിയിച്ച് പോലീസ്

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്ഐ വി ഹേമലത, അഡീഷണൽ എസ്ഐ കെ ഉദയകുമാർ, സിപിഒമാരായ സജീന്ദ്രൻ, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Exit mobile version