ഗുരുവായൂരപ്പന്റെ അല്ല, തന്റെ ഥാറാണ് ലേലം ചെയ്തത്; പിന്നിൽ ഗൂഢാലോചന, അഹിന്ദുക്കൾക്ക് നൽകില്ലെങ്കിൽ ആദ്യം പറയണമായിരുന്നു: അമൽ മുഹമ്മദലി

ഗുരുവായൂർ: കഴിഞ്ഞദിവസം വീണ്ടും വാർത്തകളിലിടം പിടിച്ച ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര കമ്പനി കാണിക്ക നൽകിയ ഥാർ പുനർലേലത്തെ സംബന്ധിച്ച് പ്രതികരണവുമായി ആദ്യം ലേലം സ്വന്തമാക്കിയ അമൽ മുഹമ്മദലി. പുനർ ലേലം ചെയ്തതിൽ ഗൂഢാലോചനയുണ്ട്. വാഹനത്തിന്റെ പുനർ ലേലത്തിൽ ദേവസ്വം ബോർഡിനും കമ്മീഷണർക്കും പങ്കുണ്ട്. കോടതി പുനർലേലം പറഞ്ഞിരുന്നില്ലെന്നും ഉചിതമായ തീരുമാനമെടുക്കാനാണ് ആവശ്യപ്പെട്ടതെന്ന് അമൽ പ്രതികരിച്ചു.

ലേലത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ച് പങ്കെടുത്താണ് ഥാർ സ്വന്തമാക്കിയത്. ഥാർ ലേലത്തിൽ പിടിച്ച ശേഷം ദേവസ്വം ബോർഡംഗങ്ങൾ ചർച്ച നടത്തിയാണ് ലേലം ഉറപ്പിച്ചത്. അഹിന്ദുക്കൾ ലേലത്തിൽ പങ്കെടുക്കാൻ പാടില്ലെങ്കിൽ നേരത്തെ പറയണമായിരുന്നു. പരസ്യത്തിൽ അക്കാര്യം ഉണ്ടായിരുന്നില്ല. താൻ നിയമപരമായി സ്വന്തമാക്കിയ വാഹനമാണ് പുനർലേലം ചെയ്തതെന്നും അമൽ പ്രതികരിച്ചു.

ഗുരുവായൂരപ്പന്റെതല്ല, തന്റെ ഥാറാണ് ലേലം ചെയ്തതെന്നും അദ്ദേഹം തുറന്നടിച്ചു. 15.15 ലക്ഷം രൂപക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്. ജിഎസ്ടി ഉൾപ്പെടെ 18 ലക്ഷം രൂപയുടെ അടുത്ത് നൽകേണ്ടി വരും. എന്നാലും ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള വാഹനം സ്വന്തമാക്കുക എന്ന ആഗ്രഹ പ്രകാരമാണ് ഇതിന് മുന്നിട്ടിറങ്ങിയത്. ഇല്ലെങ്കിൽ രണ്ട് വർഷം പഴക്കമുള്ള വാഹനം വാങ്ങാതെ ഷോറൂമിൽ നിന്ന് പുതിയത് വാങ്ങാമായിരുന്നുവെന്നും അമൽ വ്യക്തമാക്കി.

also read- ജംഷിദിന്റെ മരണത്തിന് കാരണമായത് നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം; റെയിൽപാളത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ

ലേലത്തിന് ആളില്ലാത്തത് തന്റെ കുറ്റമല്ല. ഇത്രയൊക്കെ ബഹളത്തിനു ശേഷം നടന്ന പുനർ ലേലത്തിൽ 15 പേരാണ് ഉണ്ടായിരുന്നതെന്നും അമൽ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പുനർ ലേലത്തിൽ അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപക്ക് ഥാർ സ്വന്തമാക്കിയത്. പ്രവാസി വ്യവസായിയായ വിഘ്‌നേഷ് ഗുരുവായൂരപ്പന്റെ ഭക്തരായ മാതാപിതാക്കൾക്കുളള സമ്മാനമായാണ് അടിസ്ഥാന വിലയുടെ മൂന്നിരട്ടി നൽകി വാഹനം സ്വന്തമാക്കിയത്.

മഹീന്ദ്ര ഗ്രൂപ്പ് ഡിസംബർ നാലിനാണ് ഥാർ ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത്. നേരത്തെ, നടത്തിയ ലേലത്തിൽ അമൽ മുഹമ്മദ് ലേലം കൊണ്ടിരുന്നതിനെതിരെ ഹിന്ദു സേവാ സമാജം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് പുനർലേലം നടന്നത്.

Exit mobile version