ആദ്യം പൊളിച്ച അലമാരയിൽ തന്നെ ധാരാളം സ്വർണവും പണവും; 40 മിനിറ്റിനുള്ളിൽ കവർച്ച നടത്തി ചണ്ഡിഗഢിലേക്ക്; രണ്ടാഴ്ച ആഡംബര ജീവിതം; ഒടുവിൽ പുറത്തേക്ക്;

തൃശൂർ: ഗുരുവായൂരിലെ ആനക്കോട്ടയ്ക്ക് സമീപത്തെ വീട്ടിൽ നിന്ന് 371 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും കവർച്ച നടത്തിയ കേസിലെ പ്രതി ധർമ്മരാജ് പിടിയിലായി. ചത്തീസ്ഗഢിൽ നിന്ന് കഴിഞ്ഞ ദിവസം പിടിയാലായ തമിഴ്നാട് സ്വദേശിയായ പ്രതിയെ തെളിവെടുപ്പിനായി മോഷണം നടന്ന വീട്ടിലെത്തിച്ചു. ആനക്കോട്ട റോഡിൽ തമ്പുരാൻപടി കുരഞ്ഞിയൂർ വീട്ടിൽ കെവി ബാലന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. അജ്മാനിൽ ജയ ജ്വല്ലറി ഉടമയാണ് ബാലൻ. മെയ് 12 ന് വ്യാഴാഴ്ച രാത്രി ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലാണ് കവർച്ച നടന്നത്.

മോഷണം നടന്ന് രണ്ടാഴ്ചക്കുള്ളിലാണ് പ്രതി പിടിയിലായത്. സ്വർണം വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതിയുടെ പദ്ധതി. ചണ്ഡീഗഢിൽ ബിസിനസ് തുടങ്ങി, അവിടെ സ്ഥലം വാങ്ങി വീട് വയ്ക്കാനും സിംലയ്ക്ക് പോവാനും പ്രതിക്ക് നീക്കങ്ങളുണ്ടായിരുന്നു. മോഷ്ടിച്ച തുകയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയാണ് പത്ത് ദിവസത്തിനുള്ളിൽ ധർമ്മരാജ് ചെലവാക്കിയത്. ആഡംബര ജീവിതം നയിക്കാനായി തയ്യാറെടുത്തെങ്കിലും ഇതിനോടകം തന്നെ പ്രതി പോലീസ് പിടിയിലാവുകയായിരുന്നു.

പത്ത് ദിവസം ചണ്ഡീഗഢിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ഓട്ടോയിൽ 400 രൂപയുടെ ഓട്ടം പോയതിന് 4000 രൂപ നൽകി ധൂർത്തടിച്ചു. പോലീസിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ പല വേഷങ്ങളിലാണ് ധർമ്മരാജ് നടന്നിരുന്നത്. മുടിക്ക് കളർ നൽകി, കൈയിലെ ടാറ്റൂ തിരിച്ചറിയാതിരിക്കാൻ ഫുൾ സ്ലീവ് ഷർട്ടിലേക്ക് മാറി.

ഗുരുവായൂരിലെ വീട്ടിൽ മോഷണത്തിന് എത്തിയത് നിരവധി ചെറിയ മോഷണങ്ങൾഡക്ക് ശേഷമായിരുന്നു. ആരുമില്ലാത്ത വീട് ശ്രദ്ധയിൽപ്പെട്ടപ്പോൾ യാദൃശ്ചികമായി കയറിയതാണെന്ന് പ്രതി മൊഴി നൽകി. വീടിന്റെ പിൻവശത്തെ ബാൽക്കണി വഴി കയറി വാതിൽ ഉളികൾ കൊണ്ട് പൊളിച്ച് അകത്തെത്തി. താഴെയെത്തി മുൻവശത്തെ വാതിൽ അകത്തുനിന്നും കുറ്റിയിട്ട് സമീപച്ചെ ആദ്യത്തെ മുറിയിൽ കയറിയതാണ് വഴിത്തിരിവായത്.

ആദ്യം പൊളിച്ച അലമാരയിൽ തന്നെ ധാരാളം സ്വർണവും പണവും കണ്ടു. അതിനാൽ ബാക്കിയുള്ള മുറികളിലേക്കൊന്നും കയറാതെ തിരികെ മടങ്ങുകയായിരുന്നു. 40 മിനുട്ടിനുള്ളിൽ കവർച്ച നടന്നെന്നാണ് പ്രതി പറയുന്നത്.

‘ഇത്രയധികം സ്വർണം കാണുന്നത് ആദ്യമായാണ്. അട്ടിയായി ഇരിക്കുന്നത് കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയി. ഓരോന്നായി എടുത്ത് തുടങ്ങിയപ്പോൾ മതിയായെന്നും തോന്നി,’ പ്രതി കവർച്ച നടത്തിയ വീട്ടിലെത്തിച്ചപ്പോൾ പറഞ്ഞതിങ്ങനെ. കവർച്ച നടന്ന മുറിയിലെത്തിച്ചപ്പോൾ ആ അലമാര എവിടെയയൊന്നായി പ്രതിയുടെ ചോദ്യം. അലമാര കേട് വരുത്തിയതിനാൽ മുറിയിൽ നിന്ന് മാറ്റിയിരുന്നു.

also read- കെഎഎസ് ആറാം റാങ്കു തേടിയെത്തി; തൊട്ടുപിന്നാലെ സിവിൽ സർവീസസിലെ 66ാം റാങ്ക്; ഇരട്ടി മധുരവുമായി അഖിൽ

സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മേയ് 12 ന് ഉച്ചയ്ക്ക് വീട്ടുകാരോടൊപ്പം തൃശൂരിൽ സിനിമയ്ക്ക് പോയ വീട്ടുടമയും ഭാര്യയും തിരിച്ചെത്താൻ രാത്രി 9.30 ആയി. അപ്പോഴേക്കും വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയുമായി ധർമ്മരാജ് സ്ഥലംവിട്ടിരുന്നു.

Exit mobile version