കെഎഎസ് ആറാം റാങ്കു തേടിയെത്തി; തൊട്ടുപിന്നാലെ സിവിൽ സർവീസസിലെ 66ാം റാങ്ക്; ഇരട്ടി മധുരവുമായി അഖിൽ

ഇരിങ്ങാലക്കുട: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസസിൽ 6ാം റാങ്കും നേടി ആലപ്പുഴയ്ക്ക് വണ്ടി കയറിയ അഖിൽ ഒരു ദിവസത്തിനിപ്പുറം യുപിഎസ്‌സി സിവിൽ സർവീസസിൽ 66ാം റാങ്ക് നേടിയാണ് അമ്പരപ്പിച്ചിരിക്കുന്നത്.

ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം ലെയിനിൽ ഗോവിന്ദത്തിൽ സന്തോഷത്തിന്റെ ദിനങ്ങളാണ് തുടർച്ചയായി സംഭവിച്ചിരിക്കുന്നത്. വിപിൻ മേനോന്റെയും ബിന്ദുവിന്റെയും മകനാണ് അഖിൽ. കുട്ടിക്കാലം തൊട്ട് പഠനത്തിലും പഠനേതര വിഷയങ്ങളിലും മികവു പുലർത്തുന്ന അഖിലിന് അന്നുതൊട്ടേ ഐഎഎസുകാരനാകണമെന്നായിരുന്നു മോഹം. ഒടുവിൽ കഠിനധ്വാനത്തിന്റെ ഫലമായി നേട്ടം സ്വന്തമാക്കി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് ഇപ്പോൾ.

ബിഎ എൽഎൽബിക്ക് നാഷനൽ യൂണിവേഴ്‌സിറ്റി ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കളമശേരിയിൽ പഠിച്ച് രണ്ടാം റാങ്ക് നേടിയ അഖിൽ അന്ന് സർവകലാശാലാ പ്രതിഭയുമായിരുന്നു. പ്രസംഗം, നിമിഷ പ്രസംഗം ഇവയിൽ മിടുക്കനാണ് അഖിൽ.

also read- ഹൈസ്‌കൂൾ മുതലുള്ള സിവിൽ സർവീസസ് സ്വപ്‌നം ഒടുവിൽ സാക്ഷാത്കരിച്ചു; മലപ്പുറത്തേക്ക് സിവിൽ സർവീസ് എത്തിച്ച് ഡോ. അപർണ

ഇരിങ്ങാലക്കുട നടവരമ്പ് ഭാരതീയ വിദ്യാഭവനിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം അന്നുതൊട്ടേ ഇംഗ്ലീഷ്, മലയാളം പ്രസംഗത്തിനു വേദിയിൽ കയറിത്തുടങ്ങി. വായനയും ശീലമാക്കി. പിന്നീട് അറിവുകൾ മിനുക്കാനായി തിരുവനന്തപുരത്ത് ഐഎഎസ് പരിശീലനത്തിനു ചേർന്നു. 3 ശ്രമങ്ങൾക്ക് ഒടുവിലാണ് സിവിൽ സർവീസസ് നേട്ടം സ്വ ന്തമായത്. ആദ്യതവണ പ്രിലിമിനറി കിട്ടിയില്ല. രണ്ടാംതവണ മെയിൻ കിട്ടിയില്ല. മൂന്നാം തവണ റാങ്ക് നേടി സിവിൽ സർവീസസ് വിജയിയുമായി.

also read- വഴിപിരിഞ്ഞവർ മക്കൾക്കായി പത്ത് ദിവസം ഒന്നിച്ചു; വിനോദയാത്ര മരണത്തിലേക്കുള്ള യാത്രയായി; കണ്ണീരായി അശോകും വൈഭവിയും മക്കളും

2018 മുതൽ സിവിൽ സർവീസ് മാത്രം ലക്ഷ്യമിട്ടു നടത്തിയ പഠനത്തിന്റെ ഫലമാണിതെന്നാണ് അഖിലിന്റെ പക്ഷം. നിലവിൽ ആലപ്പുഴയിൽ കെഎഎസിന്റെ പരിശീലനത്തിലാണ്. അവധിക്കെത്തി മടങ്ങിയത് ഞായറാഴ്ചയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ശുഭവാർത്ത എത്തിയതോടെ നാട്ടിലേക്ക് തിരിച്ചെത്തി. ഇരിങ്ങാലക്കുട മുൻ നഗരസഭാധ്യക്ഷ സി ഭാനുമതിയുടെ കൊച്ചുമകനാണ് അഖിൽ.

Exit mobile version