യുഡിഎഫിന് തിരിച്ചടി; ജോ ജോസഫിന്റെ പേരിൽ വ്യാജ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തത് മലപ്പുറത്തെ മുസ്ലിം ലീഗ് പ്രവർത്തകൻ; വോട്ടെടുപ്പ് ദിനത്തിൽ കോയമ്പത്തൂരിൽ പിടിയിൽ

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന് എതിരെ വ്യാജ അശ്ലീല വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. ട്വിറ്ററിൽ വീഡിയോ അപ്‌ലോഡ് ചെയ്ത മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് അബ്ദുൾ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉച്ചയോടെ പോലീസ് തൃക്കാക്കരയിൽ എത്തിക്കും.

ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിലാണ് ദൃശ്യം അപ്ലോഡ് ചെയ്തയാളെ പോലീസ് പിടികൂടിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വ്യാജ ദൃശ്യം പ്രചരിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ചർച്ചയായിരുന്നു.

വ്യാജ അക്കൗണ്ടിലൂടെ ട്വിറ്ററിലൂടെ അബ്ദുൾ ലത്തീഫാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദൃശ്യങ്ങൾ എവിടെ നിന്ന് ശേഖരിച്ചു എന്നതടക്കം ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുമെന്നാണ് പോലീസ് കണക്കാക്കുന്നത്.

ട്വിറ്ററർ അധികൃതർ വീഡിയോ സംബന്ധിച്ച് പോലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇയാൾ മുസ്ലിം ലീഗ് അനുഭാവിയാണെങ്കിലും പാർട്ടിയിൽ ഇയാൾക്ക് ഔദ്യോഗികമായ ഭാരവാഹിത്വം ഉള്ളതായി വ്യക്തതയില്ല. ഇന്നലെ രാത്രിയോടെയാണ് ട്വിറ്റർ കൊച്ചി പോലീസ് കമ്മീഷണർക്ക് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച ആളെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. ഫേസ്ബുക്കിലും ഇയാളാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഫേസ്ബുക്ക് അധികൃതരിൽ നിന്ന് ഇത് സംബന്ധിച്ച വിവരം പോലീസ് തേടിയിട്ടുണ്ട്.

വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് ഭാരവാഹികളടക്കം നിരവധിപേരെ പോലീസ് ഇതിനോടം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ അറിവോയെടാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ നടക്കുന്നതെന്ന് എൽഡിഎഫ് മുമ്പ് തന്നെ വിമർശനം ഉന്നയിച്ചിരുന്നു. വ്യാജവീഡിയോ പ്രചരിച്ചിട്ടും ഇതിനെതിരെ പ്രതിപക്ഷ നേതാവടക്കം പ്രതികരിക്കാത്തതും വിവാദമായിരുന്നു,

എന്നാൽ ദൃശ്യം അപ്ലോഡ് ചെയ്തയാളെ പിടികൂടാത്തതിനെ സംബന്ധിച്ചായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം പിന്നീടുണ്ടായത്. ിവീഡിയോ അപ്ലോഡ് ചെയ്തവരെ പിടികൂടിയാൽ വാദി പ്രതിയാകുമെന്നായിരുന്നു സതീശന്റെ പ്രതികരണം. ഇതിനിടെയാണ് ലീഗ് അനുഭാവിത്വമുള്ള ആളെ പോലീസ് പിടികൂടിയിരിക്കുന്നത്.

Exit mobile version