‘അത് യൂണിഫോം തന്നെയാണ്, മതവേഷമല്ല’; ആ വൈറല്‍ ചിത്രത്തിലെ ഡ്രൈവര്‍ പറയുന്നു

തിരുവനന്തപുരം: മതവേഷത്തില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്ന പ്രചാരണം തെറ്റെന്ന് ചിത്രത്തിലെ ഡ്രൈവര്‍. തിരുവനന്തപുരത്ത് നിന്ന് മാവേലിക്കരയിലേക്ക് ബസ് ഓടിക്കുന്ന മതവേഷധാരി എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.

മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ടിഎം അഷ്‌റഫാണ് ചിത്രത്തിലുള്ളത്. കെഎസ്ആര്‍ടിസിയുടെ ആകാശ നീല ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെന്ന് അഷ്‌റഫും സഹപ്രവര്‍ത്തകരും പറഞ്ഞു. ഷര്‍ട്ട് ഫുള്‍ സ്ലീവാണ്. സ്റ്റിയറിങ്ങിലെ അഴുക്ക് പുരളാതിരിക്കാന്‍ മടിയിലിട്ട തോര്‍ത്ത് കണ്ടാണ് മുണ്ടെന്ന് തെറ്റിദ്ധരിച്ചത്. നീല നിറത്തിലുള്ള പാന്‍Jാണ് ധരിച്ചത്. കഴുത്തില്‍ കണ്ടത് മുഖം മറയ്ക്കാനുള്ള മാസ്‌കാണ്.

ഇങ്ങനെ ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍, കെഎസ്ആര്‍ടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പിഎച്ച് അഷറഫ് മേയ് 24ന് തിരുവനന്തപുരം – മാവേലിക്കര സര്‍വീസില്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതെന്നു കണ്ടെത്തി.

ജോലി ചെയ്യുമ്പോള്‍ യൂണിഫോം പാന്റിനു മുകളിലായി അഴുക്കു പറ്റാതിരിക്കുവാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് അഷ്‌റഫ് വിരിച്ചിരുന്നു. ഇത് പ്രത്യേക രീതിയില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നു അധികൃതര്‍ പറഞ്ഞു.

പ്രചരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാല്‍ യൂണിഫോമായ സ്‌കൈ ബ്ലൂ ഷര്‍ട്ടും, നേവി ബ്ലൂ പാന്റും തന്നെയാണ് അഷ്‌റഫ് ധരിച്ചിരിക്കുന്നത് എന്നു വ്യക്തമാണെന്നും കെഎസ്ആര്‍ടിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

താടിയും തൊപ്പിയും കൂടി കണ്ടാണ് മതവേഷമെന്ന് തെറ്റിദ്ധരിച്ചത്. താടിയും തൊപ്പിയും വയ്ക്കുന്നതില്‍ വിലക്കില്ലെന്നും അഷ്‌റഫ് പറയുന്നു. ചിത്രം വിശദമായി പരിശോധിച്ചാല്‍ തീരുന്ന തെറ്റിദ്ധാരണയേ ഉള്ളുവെന്ന് സഹപ്രവര്‍ത്തകരും പറയുന്നു.

Exit mobile version