തവനൂരിലെ അമ്മമാരെ സാക്ഷിയാക്കി നിരഞ്ജനയ്ക്ക് മാംഗല്യം; ആശിർവദിക്കാനെത്തി മുഖ്യമന്ത്രിയും ഗവർണറും

മലപ്പുറം: തവനൂരിലെ വൃദ്ധസദനത്തിലെ അന്തേവാസികളുടെ ആശിർവാദത്തിൽ മുൻ സ്പീക്കറും നോർക്ക റൂട്സ് ഉപാധ്യക്ഷനുമായ പി ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി. ലളിതമായ ചടങ്ങിലായിരുന്നു തിരുവനന്തപുരം സ്വദേശി സംഗീത് നിരഞ്‌നയ്ക്ക് താലി ചാർത്തിയത്.

കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയിലെ എച്ച്ആർ വിഭാഗത്തിലാണ് എംബിഎ ബിരുദധാരിയായ നിരഞ്ജന ജോലി ചെയ്യുന്നത്. എംബിഎയ്ക്കു പഠിക്കുമ്പോൾ നിരഞ്ജനയുടെ സീനിയർ ആയിരുന്നു സംഗീത്.

വിവാഹ ചടങ്ങുകൾക്ക് ശേഷം അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരവും ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയൻനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അടക്കം നിരവധി പ്രമുഖർ വിവാഹത്തിലും സത്കാര ചടങ്ങിലും സാക്ഷ്യം വഹിക്കാനെത്തി.

ഇന്ന് രാവിലെ 9 മണിക്കാണ് തവനൂർ വൃദ്ധ സദനത്തിൽ വെച്ച് നിരഞ്ജനയുടെയും വരൻ സംഗീതിന്റെയും വിവാഹം നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വരണമാല്യം എടുത്തു നൽകിയത്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമായിരുന്നു വിവാഹചടങ്ങിൽ പങ്കെടുത്തത്.

ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട് പോയ അച്ഛനമ്മമാർക്ക് ഒപ്പമാകണം വിവാഹമെന്ന തീരുമാനമെടുത്തത് നിരഞ്ജന തന്നെയായിരുന്നു. വൃദ്ധ സദനത്തിലെ സ്ഥിരം സന്ദർശകരായിരുന്നു പി ശ്രീരാമകൃഷ്ണനും കുടുംബവും. ജീവിതത്തിലെ എല്ലാ സന്തോഷവും തവനൂരിലെ വൃദ്ധസദനത്തിൽ ആഘോഷിച്ചിരുന്ന നിരഞ്ജനയുടെ ആഗ്രഹമായിരുന്നു വിവാഹവും ഇവിടെവെച്ച് തന്നെ വേണമെന്നത്.

മകളുടെ വിവാഹ സമ്മാനമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന് പി.ശ്രീരാമകൃഷ്ണൻ ആറ് പവൻ സ്വർണാഭരണം കൈമാറി. പി.വി.എ.ഖാദർ ഹാജി നഗറിൽ (ആർവി പാലസിൽ) സംഘടിപ്പിക്കുന്ന ഒൻപതാം ഘട്ട സ്ത്രീധനരഹിത വിവാഹ സംഗമത്തിൽ വിവാഹിതരാകുന്ന യുവതികൾക്കാണ് സമ്മാനം കൈമാറിയത്.

ALSO READ- ആ ഭാഗ്യശാലി തലസ്ഥാനത്ത്; വിഷു ബംപർ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

Exit mobile version