പ്രതിസന്ധികള്‍ക്കിടയിലും ഉത്തരവാദിത്തം നിറവേറ്റി : സര്‍ക്കാരിന്റെ ജനപിന്തുണ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രതിസന്ധികള്‍ക്കിടയിലും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണ വര്‍ധിച്ചു വരികയാണെന്നും അതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

“തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയില്‍ നിന്നും പിന്നോട്ടുപോകില്ല. ജനങ്ങളുടെ പിന്തുണയോടെ തന്നെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കും. 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചത്. ഇത് നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റണം. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണം.

ദേശീയ-രാജ്യാന്തര തലത്തില്‍ കേരളത്തിന് അംഗീകാരം ലഭിച്ചു. അടുത്ത മാസം ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണം 3 ലക്ഷം പിന്നിടും. ലൈഫിന്റെ ഭാഗമായി ഇതുവരെ 2.95 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു. 114 ഫ്‌ലാറ്റുകള്‍ പണി പൂര്‍ത്തിയായി. ഈ സര്‍ക്കാര്‍ 32,000 വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറി. പ്രകടനപത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്”. മുഖ്യമന്ത്രി പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ 2 നൂറു ദിന കര്‍മ്മ പദ്ധതികളാണ് നടപ്പാക്കിയത്. 22,342 പേര്‍ക്ക് പിഎസ്സി വഴി നിയമനശുപാര്‍ശ നല്‍കി. 14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഉടന്‍ നല്‍കാനാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version