പോലീസുകാരുടെ മരണം കാട്ടുപന്നിക്കായുള്ള വൈദ്യുതകെണിയിൽ നിന്നും ഷോക്കേറ്റ്; മൃതദേഹം കൈവണ്ടിയിൽ പാടത്ത് കൊണ്ടിട്ടതെന്ന് അറസ്റ്റിലായ സുരേഷ്

പാലക്കാട്: മുട്ടിക്കുളങ്ങരയിൽ പോലീസുകാരെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. കെഎപി-രണ്ട് ബറ്റാലിയൻ ക്യാമ്പിലെ രണ്ടു പോലീസുകാരെയാണ് ദുരൂഹസാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ പാടത്ത് കണ്ടെത്തിയത്.

ഹവിൽദാർമാരായ എലവഞ്ചേരി കുമ്പളക്കോട് ചെട്ടിത്തറവീട്ടിൽ മാരിമുത്തുവിന്റെ മകൻ അശോക് കുമാർ (35), തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ പരേതനായ കെസി മാങ്ങോടന്റെ മകൻ മോഹൻദാസ് (36) എന്നിവരെയാണ് ക്യാമ്പിന് പിറകുവശത്തെ വയലിൽ മരിച്ചനിലയിൽ കണ്ടത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

കാട്ടുപന്നിയെ വൈദ്യുതി കെണിയൊരുക്കി പിടികൂടാൻ ശ്രമിച്ച സുരേഷിന്റെ കെണിയിൽ അബദ്ധത്തിൽ പോലീസുകാർ അകപ്പെടുകയായിരുന്നു എന്നാണ് നിഗമനം. മുമ്പ് കാട്ടുപന്നിയെ കെണിവച്ച് പിടിക്കാൻ ശ്രമിച്ചതിന് വനംവകുപ്പ് കേസുകളിൽ പ്രതിയാണ് സുരേഷ്.

ഇയാൾക്ക് എതിരെ ബോധപൂർവമായ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കാട്ടുപന്നിയെ പിടിക്കാൻ വീട്ടിൽ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് പോലീസുകാർ കൊല്ലപ്പെട്ടതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയെന്ന് പാലക്കാട് എസ്പി ആർ വിശ്വനാഥ് പറഞ്ഞു.

ALSO READ- വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ പ്രവാസി മർദ്ദനമേറ്റ് കൊല്ലപ്പെട്ടു; സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം

പോലീസ് ക്യാമ്പിന് ചേർന്ന മതിലിന് സമീപത്ത് സ്ഥാപിച്ച കെണിയിൽ രാത്രി 10 മണിയോടെ വൈദ്യുതി കണക്ഷൻ നൽകിയ ശേഷം സുരേഷ് ഉറങ്ങാൻ പോയിരുന്നു. പിന്നീട് ഇടക്ക് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പോലീസുകാർ ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് രണ്ട് മൃതദേഹവും കൈവണ്ടിയിൽ കയറ്റി പാടത്ത് കൊണ്ടിടുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് പോലീസുകാരുടെ മരണം പുറത്തറിയുന്നത്. ഒറ്റനോട്ടത്തിൽ കാണാത്തവിധം വയലിലെ വരമ്പിനോട് ചേർന്നായിരുന്നു മൃതദേഹങ്ങൾ. ഇരുവരുടെയും കൈയിലുൾപ്പെടെ പൊള്ളലേറ്റ് തൊലിയുരിഞ്ഞ നിലയിലുള്ള പാടുകളുണ്ട്. ഇരുവരെയും ബുധനാഴ്ച രാത്രി ഒമ്പതര മുതൽ കാണാനില്ലായിരുന്നു.

Exit mobile version