വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ പ്രവാസി മർദ്ദനമേറ്റ് കൊല്ലപ്പെട്ടു; സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം

പാലക്കാട്: ജിദ്ദയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങിയ പ്രവാസി യുവാവ് മർദ്ദനമേറ്റ് മരിച്ചു. പാലക്കാട് അട്ടപ്പാടി അഗളി സ്വദേശി അബ്ദുൾ ജലീലാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജലീൽ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

ഈ മാസം പതിനഞ്ചിനാണ് അബ്ദുൾ ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. പിന്നീട് ജലീലിനെ കഴിഞ്ഞ ദിവസം ഗുരുതര പരിക്കുകളോടെ അജ്ഞാതർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബന്ധുക്കൾക്കും വിവരം ലഭിച്ചത്. ജലീലിനെ മർദ്ദിച്ചത് സ്വർണക്കടത്ത് സംഘമാണെന്നാണ് പോലീസ് നൽകുന്ന സൂചന.

നെടുമ്പാശേരി വിമാനമിറങ്ങിയ ശേഷം ജലീൽ വിളിച്ചിരുന്നെന്ന് ഭാര്യ പറഞ്ഞു. സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് വരികയാണെന്നും അറിയിച്ചു. ജലീലിനെ കൂട്ടിക്കൊണ്ടുവരാൻ പുറപ്പെട്ടെങ്കിലും മടങ്ങിപ്പോകാനായിരുന്നു ഭർത്താവ് ആവശ്യപ്പെട്ടത്. പിന്നീട് ഒരു വിവരവും ഇല്ലാതായി. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നെന്ന് ഭാര്യ പറഞ്ഞു.

Exit mobile version