പണമടങ്ങിയ പഴ്‌സ് വഴിയില്‍ നഷ്ടമായി; പണമെടുത്ത് മുങ്ങിയയാളെ കൈയ്യോടെ പൊക്കി സിസിടിവി

ആലപ്പുഴ: സ്വര്‍ണം വാങ്ങാന്‍ കൊണ്ടുവരുന്നതിനിടെ വഴിയില്‍ നഷ്ടമായ പണം യുവതിയ്ക്ക് തിരികെ കിട്ടാന്‍ സഹായമായത് സിസിടിവി. ആലപ്പുഴ വഴിച്ചേരി വാര്‍ഡ് സ്വദേശിനി ഷിഫാന നിസാറിന്റെ പണമടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്.

ഈമാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മുല്ലക്കലിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ കൊണ്ടുവന്ന 42,500 രൂപ അടങ്ങിയ പഴ്സ് ഓട്ടോയില്‍ കളഞ്ഞുപോയെന്ന് പറഞ്ഞ് ആലപ്പുഴ നോര്‍ത്ത് പോലീസിലാണ് യുവതി പരാതി നല്‍കിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പഴ്സ് ഓട്ടോയില്‍ അല്ല, ഇറങ്ങിയപ്പോള്‍ താഴെ വീണതാണെന്ന് മനസ്സിലായത്. ദൃശ്യത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിക്ക് കിട്ടുന്നതായും കണ്ടെത്തി.

Read Also: ‘അവള് എന്തും കഴിക്കും, നാളെ ആടു മേക്കാന്‍ പോകാനുള്ള ടീമാണ്’: നിഖില വിമലിനെതിരെ സൈബറാക്രമണം

തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ എ.വി.ജെ ജങ്ഷന്‍ മുതല്‍ പിച്ചുഅയ്യര്‍ ജങ്ഷന്‍ വരെയും വടക്കോട്ട് കോടതിപാലം വരെയുമുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് കോടതി പാലത്തിനടുത്തെ മൊബൈല്‍ ഷോപ് ജീവനക്കാരന്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞു.

കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പഴ്സ് മാത്രമാണ് കിട്ടിയതെന്ന് ആദ്യം പറഞ്ഞെങ്കിലും പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചെന്ന് പിന്നീട് സമ്മതിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് വാങ്ങിയ പണം നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ നിധിന്‍രാജ് യുവതിക്ക് കൈമാറി.

Exit mobile version