പത്ത് പവന്‍ സ്വര്‍ണവും പണവും അടങ്ങിയ പഴ്‌സ് റോഡില്‍: കണ്ണും മനസ്സും ചാഞ്ചാടിയില്ല, പഴ്‌സ് ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് മാതൃകയായി നെസി

ഹരിപ്പാട്: സ്‌കൂട്ടറില്‍ പോകുമ്പോള്‍ റോഡില്‍ നിന്ന് കിട്ടിയ 10 പവന്‍ സ്വര്‍ണവും പണവും അടങ്ങിയ പഴ്‌സ് ഉടമയ്ക്ക് തിരിച്ച് നല്‍കി വീട്ടമ്മ. കണ്ടല്ലൂര്‍ തെക്ക് പുത്തന്‍വീട്ടില്‍ നെസിയാണ് വീണുകിട്ടിയ പത്തു പവന്‍ സ്വര്‍ണവും 28,000 രൂപയും തിരികെ നല്‍കിയത്.

ആറാട്ടുപുഴ വട്ടച്ചാല്‍ വെട്ടുപറമ്പില്‍ സിമിമോള്‍ക്കാണ് സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ആറാട്ടുപുഴയില്‍ പോയി മടങ്ങുകയായിരുന്ന നെസിക്ക് പെരുമ്പള്ളി പാലം-രാമഞ്ചേരി എസ്എന്‍ നഗര്‍ റോഡില്‍ വിജ്ഞാനകൗമുദി ലൈബ്രറിയുടെ സമീപത്തുവെച്ചാണ് രണ്ടു മാല, വള, അഞ്ചു മോതിരം, അഞ്ചു ജോഡി കമ്മല്‍ ഉള്‍പ്പെടെയുളള സ്വര്‍ണവും പണവും അടങ്ങുന്ന പഴ്‌സ് കിട്ടിയത്.

നെസി കുടുംബ സുഹൃത്ത് മാവേലിക്കര സ്റ്റേഷനിലെ എഎസ്‌ഐ എംഎസ് എബിയെ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെത്തി പഴ്‌സ് നല്‍കിയത്. പഴ്‌സില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡുള്‍പ്പെടെയുളള രേഖകളില്‍ നിന്നാണ് ഉടമയെ തിരിച്ചറിഞ്ഞത്.

പണയം വെച്ചിരുന്ന സ്വര്‍ണം തിരികെ എടുത്തശേഷം മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് രവിദാസിനൊപ്പം വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴാണ് സിമിയുടെ
പഴ്‌സ് കൈയ്യില്‍ നിന്ന് താഴേക്കു വീണ് പോയത്. കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോഴാണ് നഷ്ടപ്പെട്ട വിവരം മനസ്സിലായത്.

തുടര്‍ന്ന് തിരികെയെത്തി നോക്കിയെങ്കിലും പഴ്‌സ് അവിടെയുണ്ടായിരുന്നില്ല. വിഷമിച്ചു മറ്റു ഭാഗങ്ങളിലും തിരയുന്നതിനിടെയാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് വിവരം അറിയിക്കുന്നത്.

എസ്എച്ച്ഒ വി. ജയകുമാര്‍, എസ്‌ഐ എം. ഷാജഹാന്‍, എഎസ്‌ഐമാരായ ജയചന്ദ്രന്‍, രജീന്ദ്ര ദാസ്, സിവില്‍ ്പാലീസ് ഓഫീസര്‍മാരായ കെ.സി. സതീശന്‍, എസ്.ആര്‍. ഗിരീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ സിമിമോള്‍ക്ക് നെസി പേഴ്‌സ് കൈമാറി.

ചെറിയ തുണിക്കച്ചവടവും തയ്യല്‍ ജോലിയും ചെയ്തു വരുകയാണ് നെസി. റിട്ട. സൈനികനായ ഷംനാദാണ് ഭര്‍ത്താവ്. അവസാന വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥി ഷെഹീര്‍, സോനാമോള്‍ എന്നിവരാണ് മക്കള്‍. നെസിയെ കനകക്കുന്ന് ജനമൈത്രി പൊലീസ് അഭിനന്ദിച്ചു.

Exit mobile version