ദൂരൂഹ സാഹചര്യത്തിൽ മരിച്ച ഷഹനയുടെ വീട്ടിൽ കഞ്ചാവും എഡിഎംഎയും; മൃതശരീരം രാസപരിശോധന നടത്തും, കൊലപാതകമെന്ന് ആവർത്തിച്ച് കുടുംബം

കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ കാസർകോട് സ്വദേശിനിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ വീട് റെയ്ഡ് ചെയ്ത് പോലീസ്. പരിശോധനയിൽ മയക്കുമരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്. കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്.

ഷഹനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്മോർട്ടം നടത്തുന്നത്.

അതേസമയം, ഷഹനയുടെ മരണത്തിന് പിന്നാലെ തന്നെ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഷഹനയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

also read- യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടവാങ്ങി

ഷഹനയുടെ പിറന്നാൾ ദിനമായിരുന്നു ഇന്ന്. പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക് ക്ഷണിച്ച മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ഷഹനയുടെ മാതാവ് ഉവൈമയുടെ പ്രതകരണം. അവളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും ഇവർ പറയുന്നു.

വ്യാഴാഴ്ച രാത്രിയാണ് നടിയും മോഡലുമായ കാസർകോട് സ്വദേശി ഷഹനയെ കോഴിക്കോട്ടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലിന്റെ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഇതിനിടെ സജാദിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.

Exit mobile version