‘തുണ്ടംതുണ്ടമാക്കിക്കളഞ്ഞില്ലേ, അവസാനമായി കാണാന്‍ പോലും കിട്ടിയില്ലല്ലോ; മലയാളികള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; ഹൃദയവേദന പങ്കുവച്ച് കൊല്ലപ്പെട്ട വൈദ്യന്റെ ഭാര്യ

മൈസൂരു: ”ഇത്രയുംകാലം കാത്തിരുന്നപ്പോള്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, തുണ്ടംതുണ്ടമാക്കിക്കളഞ്ഞില്ലേ. ഇനി ഞാന്‍ എന്തു പ്രതീക്ഷിക്കാനാണ്. അവസാനമായി എനിക്കൊന്ന് കാണാന്‍ പോലും കിട്ടിയില്ലല്ലോ”
എന്നെങ്കിലും തിരിച്ചുവരുമെന്ന് കാത്തിരുന്ന പ്രിയതമന്‍ ഇനിയില്ലെന്ന ദാരുണ വാര്‍ത്തയറിഞ്ഞ ജെബീന താജിന്റെ ഹൃദയംനുറുങ്ങുന്ന വാക്കുകളാണിത്.

നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിന്‍ അഷ്‌റഫ് മൃഗീയമായി കൊലപ്പെടുത്തിയ മൈസൂരുവിലെ ഒറ്റമൂലി നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ ഭാര്യയാണ് നാല്പത്തിയഞ്ചുകാരിയായ ജെബീന.

മൈസൂരു നഗരത്തിലെ ബോഗാദി രണ്ടാംസ്റ്റേജിലുള്ള വസന്തനഗരയിലെ ഒരുനിലവീട്ടിലാണ് മൂലക്കുരുവിനുള്ള ഒറ്റമൂലിവൈദ്യനായ ഷെരീഫ് കുടുംബസമേതം താമസിച്ചിരുന്നത്. കാത്തിരിപ്പിനൊടുവിലാണ് ദാരുണവാര്‍ത്തയെത്തുന്നത്.

”വീട്ടില്‍ വന്ന് ഒരുസംഘം ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുപോയി. എവിടെനിന്നോ ഭര്‍ത്താവിനെക്കുറിച്ച് കേട്ടറിഞ്ഞാണ് വന്നത്. ആദ്യം പോകാന്‍ കൂട്ടാക്കിയില്ല. പിന്നീട് രോഗിയെ മൈസൂരുവില്‍ എത്തിച്ചെന്ന് പറഞ്ഞാണ് ബൈക്കില്‍ കൊണ്ടുപോയത്. അഞ്ചുമിനിറ്റുകൊണ്ട് വരാമെന്ന് പറഞ്ഞ് പോയയാള്‍ പിന്നീടൊരിക്കലും വന്നില്ല” – ജീവിതത്തില്‍ ഇനിയൊരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അന്നത്തെ ദിവസം ഓര്‍ത്തെടുത്ത് ജെബീന പറഞ്ഞു.

ഷാബാ ഷെരീഫിനെ കാണാതെ വന്നതോടെ ഇദ്ദേഹത്തിന്റെ കുടുംബം മൈസൂരുവിലെ സരസ്വതിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് വേണ്ട വിധത്തില്‍ അന്വേഷിക്കാതെ സമയം കളഞ്ഞെന്ന് ജെബീന കുറ്റപ്പെടുത്തി. അന്നുതന്നെ കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഭര്‍ത്താവ് ഇപ്പോള്‍ തനിക്കൊപ്പം കൂടെയുണ്ടാകുമായിരുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ല. ഭര്‍ത്താവ് കൊല്ലപ്പെട്ടെന്ന വിവരം കേരളാ പോലീസാണ് അറിയിച്ചതെന്നും ജെബീന പറഞ്ഞു.

Read Also:വിവാദ നായകന് പ്രണയസാഫല്യം: ഡോ. അനുപമയെ താലിചാര്‍ത്തി ജീവിത സഖിയാക്കി ആകാശ് തില്ലങ്കേരി

വിവാഹിതരായ എട്ടുമക്കളാണ് ഷാബാ ഷെരീഫ്-ജെബീന താജ് ദമ്പതിമാര്‍ക്കുള്ളത്. ഇവരില്‍ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമായി നാലുപേര്‍ ജെബീനയ്ക്കൊപ്പമാണ് താമസം. മറ്റുള്ളവര്‍ മൈസൂരുവിന്റെ വിവിധയിടങ്ങളില്‍ അവരവരുടെ കുടുംബസമേതം കഴിയുന്നു.

Exit mobile version