കാര്‍ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു, നിയന്ത്രണം വിട്ട കാര്‍ ഡ്രൈവറെയും കൊണ്ട് ദേശീയ പാത കുറുകെ കടന്നു

തിരുവനന്തപുരം: കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കരമന കളിയിക്കാവിള ദേശീയപാതയിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ദേശീയ പാത കുറുകെക്കടന്ന് എതിര്‍ ദിശയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചു നിന്നു.

അപകടത്തില്‍ നരുവാമൂട് അമ്മാനൂര്‍ക്കോണം ടിസി നിവാസില്‍ ജി.ചന്ദ്രനാണ് മരിച്ചത്. അമ്പത്തിയാറ് വയസ്സായിരുന്നു. എയര്‍പോര്‍ട്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ സര്‍വീസ് നടത്തുന്ന ചന്ദ്രന്‍ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം.

also read: ‘വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്ന ഹോട്ടലുണ്ടായിരുന്നെങ്കില്‍ അവിടെ നിന്ന് പ്ലാന്തോട്ടത്തില്‍ ചാക്കോയും, മറിയാമ്മ ചാക്കോയും ഭക്ഷണം കഴിക്കേണ്ടതായിരുന്നു’ പിസി ജോര്‍ജിന്റെ വാക്കുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മറുപടി

ഇന്നലെ രാവിലെ 11 മണിയോടെ നേമം വില്ലേജ് ഓഫിസിന് സമീപമാണ് സംഭവം. കാര്‍ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ചന്ദ്രന്‍ കാറിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കാറിന് വേഗം കുറവായിരുന്നതും എതിര്‍ ദിശയില്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതും മൂലമാണ് മറ്റു ദുരന്തങ്ങള്‍ ഒഴിവായത് .

നാട്ടുകാര്‍ കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് ചന്ദ്രനെ പുറത്തെടുത്തത്. തുടര്‍ന്ന് അതേ കാറില്‍ നേമം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷൈലജ(ആശ വര്‍ക്കര്‍, പള്ളിച്ചല്‍). മക്കള്‍: ശാലിനി, അരുണ്‍.

Exit mobile version