പിറന്നാളാണെന്ന് പറഞ്ഞ് 16കാരിയെ വിളിച്ചുവരുത്തി തീക്കൊളുത്തി; പാലക്കാട് പൊള്ളലേറ്റ യുവാവും വിദ്യാര്‍ഥിനിയും മരിച്ചു

കൊച്ചി: പാലക്കാട് തീപ്പൊള്ളലേറ്റ യുവാവും വിദ്യാര്‍ഥിനിയും മരിച്ചു. ഇരുവര്‍ക്കും 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കൊല്ലങ്കോട് സ്വദേശിയായ ബാലസുബ്രഹ്‌മണ്യന്‍ (23) നവ്യ (16) എന്നിവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കൊല്ലങ്കോട് കിഴക്കേ ഗ്രാമത്തിലാണ് സംഭവം നടന്നത്. പിറന്നാളാണെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെയാണ് ബാലസുബ്രഹ്‌മണ്യന്‍ സുഹൃത്തായ നവ്യയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തുകയായിരുന്നു.

സംഭവസമയം യുവാവിന്റെ അമ്മയും ഇളയസഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും നിലവിളിച്ച് മുറിയ്ക്ക് പുറത്തേക്ക് വരുന്നത് കണ്ട അമ്മയും അനിയത്തിയും നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു.

Read Also: ട്രെയിന്‍ മാറിയത് അറിഞ്ഞ് ചാടിയിറങ്ങി: പരിക്കേറ്റ സിഎ വിദ്യാര്‍ഥിനിയ്ക്ക് ചികിത്സയിലിരിക്കെ ദാരുണാന്ത്യം; നോവായ് വിഷു അവധി കഴിഞ്ഞ് മടങ്ങിയ ചന്ദനയുടെ വിയോഗം

പെണ്‍കുട്ടി മുറിയിലെത്തിയ ശേഷം ഉടന്‍ ഇയാള്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു.
മുറിയില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്. തുടര്‍ന്ന് തീയണച്ച ശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചു.

ബാലസുബ്രഹ്‌മണ്യനും ധന്യയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് ബാലസുബ്രഹ്‌മണ്യന്റെ വീട്ടുകാര്‍ പറയുന്നത്. ആദ്യം രണ്ട് വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് ധന്യയ്ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്തിത്തരാമെന്ന് വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു.

സ്വമേധയാ തന്നെയാണ് പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. ട്യൂഷനുണ്ടെന്ന് കള്ളം പറഞ്ഞാണ് പെണ്‍കുട്ടി പുറത്തിറങ്ങിയത്. ഇരുവരും ചേര്‍ന്ന് ആത്മഹത്യ ചെയ്തതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.

Exit mobile version