വിഷുദിവസത്തിൽ ഭക്തർക്ക് നൽകാനായി മേൽശാന്തിമാർക്ക് സുരേഷ് ഗോപിയുടെ വക വിഷുകൈനീട്ടം; രാഷ്ട്രീയ വിവാദം, പണം സ്വീകരിക്കരുതെന്ന് ദേവസ്വം ബോർഡ് വിലക്ക്

തൃശ്ശൂർ: വിഷു ദിനത്തിൽ ക്ഷേത്രത്തിൽ എത്തുന്നവർക്ക് വിഷുകൈനീട്ടം കൊടുക്കാനെന്ന പേരിൽ സുരേഷ് ഗോപി മേൽശാന്തിമാർക്ക് പണം കൈമാറിയതിൽ രാഷ്ട്രീയ വിവാദം. മേൽശാന്തിമാർ ഇത്തരത്തിൽ തുക സ്വീകരിക്കുന്നത് കൊച്ചിൻ ദേവസ്വം ബോർഡ് വിലക്കി. കൈനീട്ടനിധി മേൽശാന്തിമാരെ ഏൽപ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

വടക്കുന്നാഥ ക്ഷേത്രത്തിലെ മേൽശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകൾ നൽകിയതിലാണ് ദേവസ്വം ബോർഡ് ഇടപെട്ടത്. ഈ തുകയിൽനിന്ന് മേൽശാന്തി ആർക്കും കൈനീട്ടം നൽകിയിട്ടില്ലെന്ന് ബോർഡ് വ്യക്തമാക്കുന്നുണ്ടെങ്കിലും കിട്ടിയ പലരും ഉണ്ടെന്നാണ് വിവരം.

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കും സുരേഷ് ഗോപി വിഷുകൈനീട്ട നിധി നൽകിയിരുന്നു. ഈ ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതല്ല.

അതേസമയം, രാഷ്ട്രീയ നേട്ടത്തിനായാണ് ബിജെപിയും സുരേഷ്‌ഗോപിയും കൈനീട്ടം ഉപയോഗിക്കുന്നതെന്ന് രാഷ്ട്രീയഎതിരാളികളും ഉന്നയിക്കുന്നുണ്ട്. വിഷുക്കൈനീട്ടത്തെ മറയാക്കിയുള്ള രാഷ്ട്രീയത്തെ സിപിഐ നേതാവ് പി ബാലചന്ദ്രൻ എംഎൽഎ വിമർശിച്ചു. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ടുപിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നത് തിരിച്ചറിയാൻ തൃശ്ശൂരിലെ പൊതുസമൂഹത്തിന് കഴിവുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ALSO READ- രക്താർബുദ ബാധിതനായ ഭർത്താവിന്റെ ചികിത്സയ്ക്കായി കുവൈറ്റിലെ വീട്ടുജോലിക്ക് പോയി വയനാട്ടിലെ യുവതിക്ക് തൊഴുലുടമയുടെ പീഡനം; രക്ഷപ്പെടുത്താൻ അഞ്ചരലക്ഷം ആവശ്യപ്പെട്ട് ഏജന്റ്

അതേസമയം, ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളിൽനിന്ന് സംഖ്യ ശേഖരിക്കുന്നതിൽ നിന്ന് മേൽശാന്തിമാരെ വിലക്കുന്നു എന്നുമാത്രമാണുള്ളത്. വടക്കുന്നാഥക്ഷേത്രത്തിൽ തുടങ്ങിയെങ്കിലും മറ്റ് ക്ഷേത്രങ്ങളിലും ഉണ്ടാവുമെന്ന സൂചന കിട്ടിയതിനെത്തുടർന്നാണ് ദേവസ്വത്തിന്റെ മുന്നറിയിപ്പ്. പ്രശ്‌നം ഗൗരവത്തിൽ തന്നെയാണ് എടുത്തിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ പറഞ്ഞു.

തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ സുരേഷ് ഗോപി വിഷുക്കൈനീട്ട പരിപാടിയുമായി ജില്ലയിലുണ്ട്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുന്നാഥ ക്ഷേത്രങ്ങളിൽ അദ്ദേഹം മേൽശാന്തിമാർക്ക് ദക്ഷിണ നൽകി. തുടർന്നാണ് അവർക്ക് കൈനീട്ടനിധി നൽകിയത്. ഈ നിധിയിൽനിന്ന് കൈനീട്ടം കൊടുക്കുമ്പോൾ കുട്ടികളെ ഒഴിവാക്കരുതെന്ന അഭ്യർത്ഥനയും ഉണ്ടായിരുന്നു.

ഒരു ലക്ഷം രൂപ മൂല്യംവരുന്ന പുത്തൻ ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ടപരിപാടിക്കായി റിസർവ് ബാങ്കിൽ നിന്നു വാങ്ങിയിരിക്കുന്നത്. രാജ്യസഭാംഗത്വ കാലാവധി അടുത്ത ഞായറാഴ്ച അവസാനിക്കുമ്പോൾ തൃശ്ശൂരിലെ പ്രവർത്തനം ശക്തിപ്പെടുത്തുകയാണ് കൈനീട്ടപരിപാടിക്കു പിന്നിലെ ലക്ഷ്യം.

Exit mobile version