രക്താർബുദ ബാധിതനായ ഭർത്താവിന്റെ ചികിത്സയ്ക്കായി കുവൈറ്റിലെ വീട്ടുജോലിക്ക് പോയി വയനാട്ടിലെ യുവതിക്ക് തൊഴുലുടമയുടെ പീഡനം; രക്ഷപ്പെടുത്താൻ അഞ്ചരലക്ഷം ആവശ്യപ്പെട്ട് ഏജന്റ്

വൈത്തിരി: രക്താർബുദം ബാധിച്ച് ചികിത്സയിലായ ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായി കുവൈറ്റിൽ വീട്ടുജോലിക്കാരിയായി പോയ യുവതി രക്ഷതേടി സുമനസുകളേയും സർക്കാരിനേയും സമീപിച്ചിരിക്കുകയാണ്. ഭർത്താവ് ബിനോജിന്റെ ചികിത്സ ചെലവിന് വേണ്ടി ഏജന്റ് വഴി കുവൈറ്റിലേക്ക് പോയ ലിൻഡ എന്ന യുവതിക്കാണ് ദാരുണാനുഭവം.

തൊഴിലുടമയുടെ പീഡനം സഹിക്കാനാകാതെയാണ് വയനാട് വൈത്തിരി സ്വദേശിനി ലിൻഡ സഹായം അഭ്യർത്ഥിക്കുന്നത്. നിലവിൽ നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തിലായിരിക്കുകയാണ് യുവതി. നാട്ടിലെത്തണമെങ്കിൽ വിസ നൽകിയ സ്‌പോൺസർക്ക് അഞ്ചര ലക്ഷം രൂപ നൽകണമെന്നാണ് ഏജന്റ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്.

മലയാളിയായ ഏജന്റ് മുഖേനയാണ് വീട്ടുജോലിക്കാരിയായി കുവൈറ്റിലേക്കുള്ള വിസ ലഭിച്ചത്. മാസവേതനമായി 30000 രൂപ നൽകാമെന്നും അന്ന് അറിയിച്ചിരുന്നു. എന്നാൽ ജോലിക്കുപോയ വീട്ടിൽ നിന്ന് സ്ഥിരമായി മർദ്ദനമേൽക്കാൻ തുടങ്ങിയതോടെ നാട്ടിലേക്ക് ഉടൻ മടങ്ങണമെന്ന് ബിനോജിനെ ഫോണിൽ വിളിച്ച് അറിയിച്ചു. എന്നാൽ അഞ്ചരലക്ഷം രൂപ നൽകാതെ നാട്ടിലേക്ക് കയറ്റിവിടില്ലെന്നായിരുന്നു ഏജന്റിന്റെ മറുപടിയെന്ന് ലിൻഡ പരാതിപ്പെടുന്നു.

ALSO READ- വിഷുവിന് മുന്നോടിയായി മുപ്പതിനായിരം പേർക്ക് വിഷുകൈനീട്ടം നൽകി സുരേഷ് ഗോപി; തൃശ്ശൂർ ജില്ലയിൽ നാലുദിവസം കൊണ്ട് പൂർത്തിയാക്കി

സഹായഭ്യർത്ഥനയുമായി ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടപ്പോൾ ഓഫീസിൽ നേരിട്ടെത്താനാണ് അറിയിച്ചത്. എന്നാൽ ജോലി ചെയ്യുന്ന വീടുവിട്ട് പുറത്തുപോകാൻ അനുമതിയില്ലെന്ന് ലിൻഡ പറയുന്നു. അമ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ലിൻഡയുടെ മൂന്ന് മക്കൾ. ഇനി സുമനസ്സുകളുടെ സഹായത്തിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.

Exit mobile version