അയ്യപ്പജ്യോതിയില്‍ ബിഡിജെഎസ് പങ്കെടുക്കാത്തതിനെ കുറിച്ച് അവരോട് ചോദിക്ക്; പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള; എന്‍ഡിഎയില്‍ തമ്മില്‍തല്ല്

അയ്യപ്പ കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതി പങ്കാളിത്തത്തെ ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം കനക്കുന്നു.

കോട്ടയം: ഇന്നലെ നടന്ന അയ്യപ്പ കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതി പങ്കാളിത്തത്തെ ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം കനക്കുന്നു. എന്‍ഡിഎ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസിന്റെ നേതാക്കളാരും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിരുന്നില്ല, ഇതിനെ ചൊല്ലി സഖ്യത്തില്‍ വലിയ ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്. ബിഡിജെഎസ് മാറി നിന്നത്, ബിജെപിക്കുള്ളിലും അയ്യപ്പ ജ്യോതിക്കു പിന്തുണ നല്‍കിയ സംഘപരിവാര്‍ സംഘടനകളിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

അയ്യപ്പജ്യോതിയില്‍ ബിഡിജെഎസ് പങ്കെടുക്കാത്തതിനെകുറിച്ച് അവരോടു തന്നെ ചോദിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചത്. ജ്യോതി രാഷ്ട്രീയ പരിപാടിയായിരുന്നില്ല. ബിജെപി അങ്ങോട്ടു പിന്തുണ അറിയിക്കുകയായിരുന്നെന്നും ശ്രീധരന്‍ പിള്ള വിശദീകരിച്ചു. എന്നാല്‍ ഇന്ന് വനിതാ മതിലിനു പിന്തുണ പ്രഖ്യാപിക്കുന്ന തരത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയതു എന്‍ഡിഎയ്ക്ക് അകത്ത് കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

സാഹചര്യം ഒത്തുവന്നാല്‍ വനിതാ മതിലിനു പിന്തുണയുമായി എത്തുമെന്നു തുഷാര്‍ വ്യക്തമാക്കി. വനിതാ മതിലിനു രാഷ്ട്രീയമില്ലെന്നും പിന്തുണയ്ക്കുമെന്നും തുഷാര്‍ പറഞ്ഞു. ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതിരുന്നത് എന്‍ഡിഎ പരിപാടി അല്ലാതിരുന്നതിനാലാണെന്നും തുഷാര്‍ പറഞ്ഞു.

Exit mobile version