ലയനയുടെ സത്യസന്ധത: റോഡില്‍ നിന്നും കിട്ടിയ പണമടങ്ങിയ ബാഗ് അധ്യാപികയ്ക്ക് തിരിച്ചു നല്‍കി വിദ്യാര്‍ഥി

കക്കട്ടില്‍: റോഡുവക്കില്‍ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് തിരിച്ചുനല്‍കി മാതൃകയായ എട്ടുവയസ്സുകാരി ലയന. പാതിരിപ്പറ്റ യുപി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ് ലയന. ഇതേ വിദ്യാലയത്തിലെ അധ്യാപികയായ ശ്രീജയ്ക്കാണ് പണമടങ്ങിയ ബാഗ് തിരിച്ചു കിട്ടിയത്.

ഞായറാഴ്ച സഹപ്രവര്‍ത്തകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടയിലാണ് ശ്രീജയ്ക്ക് ബാഗ് നഷ്ടമായത്. ബാഗ് ലഭിച്ച വിവരം ലയന പരിസരവാസികളെയും മറ്റും അറിയിച്ചതിനിടയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അധ്യാപികയുടെ ബാഗ് നഷ്ടപ്പെട്ട വാര്‍ത്ത എത്തി. അതില്‍ കൊടുത്ത ഫോണ്‍ നമ്പറില്‍ വിവരം നല്‍കിയതോടെ അധ്യാപിക സ്ഥലത്തെത്തി ബാഗ് ഏറ്റുവാങ്ങി.

ഇടക്കാട്ട് ലതേഷിന്റെയും സന്ധ്യയുടെയും മകളാണ് ലയന. ലയനയെ കണ്ടോത്ത്കുനി സൗഹൃദവേദി അനുമോദിച്ചു. അധ്യാപക പുരസ്‌കാര ജേതാവ് പി.എ. നൗഷാദ്, കാണംകണ്ടി റഹിം ഹാജി, കെ.ജി. ലുഖ്മാന്‍, ഇ.വി. മഹമൂദ് ഹാജി എന്നിവര്‍ സംസാരിച്ചു.

Exit mobile version