ഗതാഗത കുരുക്കിൽ സൈറൺ മുഴക്കി ആംബുലൻസ്, വഴിയൊരുക്കി ഉദ്യോഗസ്ഥർ; ഒടുവിൽ പൊളിഞ്ഞത് പച്ചക്കറിയുമായി വീട്ടിലേക്ക് പാഞ്ഞ ഡ്രൈവറുടെ അതിബുദ്ധി

കാക്കനാട്: മടക്കയാത്രയിൽ പച്ചക്കറി വാങ്ങി വീട്ടിലേക്ക് തിരിച്ച ആംബുലൻസ് ഡഡ്രൈവർ ഗതാഗത കുരുക്ക് മറികടക്കാനായി കാണിച്ച അതിബുദ്ധി ഒടുവിൽ ലൈസൻസ് നഷ്ടമാവാൻ കാരണമായി. സൈറൺ മുഴക്കി ഗതാഗത കുരുക്ക് മറികടക്കാൻ ശ്രമിച്ച ഡ്രൈവറെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ എംസി റോഡിൽ കാലടി മറ്റൂർ കവലയിലാണ് നാടകം പൊളിഞ്ഞത്. നിയമവിരുദ്ധമായി സൈറൺ മുഴക്കി ആംബുലൻസ് ഓടിച്ചതിന് ഡ്രൈവർ തൊടുപുഴ സ്വദേശി യേശുദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

തൊടുപുഴയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മൃതദേഹവുമായി പോയതായിരുന്നു യേശുദാസ്. മടക്കയാത്രയിൽ കാലടി ഭാഗത്തുനിന്ന് പച്ചക്കറി വാങ്ങി പിന്നീട് മറ്റൂർ ജങ്ഷനിലെത്തിയപ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് സൈറൺ ഓൺ ആക്കിയത്. അതേസമയം, സൈറൺ കേട്ട് മറ്റു യാത്രക്കാർ വഴിയൊരുക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നതിനാൽ പൂർണമായും ഫലിച്ചില്ല.

ഈ സമയത്താണ് എറണാകുളം എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വാഹനം എത്തിയത്. വണ്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇന്ദുധരൻ ആചാരി, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ എംബി ശ്രീകാന്ത്, കെപി ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം സൈറൺമുഴക്കി നിൽക്കുന്ന ആംബുലൻസിന് പോകാൻ വഴിയൊരുക്കി.

‘also read- ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് വില 15 രൂപ, 5 അപ്പവും 2 മുട്ടക്കറിക്കും വാങ്ങിയത് 184 രൂപയും’ ഹോട്ടലിനെതിരെ എംഎൽഎയുടെ പരാതി

എന്നാൽ ഉദ്യോഗസ്ഥരെ കമ്ട് സൈറൺ ഓഫാക്കിയതോടെ സംശയംതോന്നിയ ഉദ്യോഗസ്ഥർ ആംബുലൻസിനെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ഡ്രൈവർ യേശുദാസിന്റെ നാടകം മനസ്സിലായത്.

അതേസമയം, വീട്ടിലേക്ക് ആവശ്യമായ അൽപം പച്ചക്കറി മാത്രമാണ് വാഹനത്തിൽ നിന്നും കണ്ടെടുത്തത്. വാഹനം പിടികൂടിയ ഉദ്യോഗസ്ഥർ ഡ്രൈവറെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ബോധവത്കരണ ക്ലാസിലേക്കും വിട്ടു. ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശയും ആർടിഒയ്ക്ക് നൽകിയിട്ടുണ്ട്.

Exit mobile version