കോളജ് ദിനാഘോഷത്തിന് മണ്ണുമാന്തി യന്ത്രവും രൂപമാറ്റം വരുത്തിയ വാഹനങ്ങളിലും റോഡ് ഷോ; ചോദ്യം ചെയ്തവരോട് ചെയ്യാൻ പറ്റുന്നത് ചെയ്‌തോ എന്ന് മറുപടി, അകപ്പെടുക രക്ഷിതാക്കളും

മുക്കം: കോളേജ് ദിനാഘോഷത്തിന്റെ പേരിൽ റോഡിൽ നിയമലംഘനങ്ങൾ പതിവാക്കി മുക്കത്തെ കോളേജുകൾ. മണ്ണുമാന്തിയന്ത്രത്തിലും രൂപമാറ്റം വരുത്തിയ വാഹനങ്ങളിലും നടുറോഡിലൂടെ റോഡ് ഷോ നടത്തി മുക്കം കളൻതോട് എംഇഎസ് ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ വിവാദത്തിലായതിന് പിന്നാലെ മുക്കത്തെ തന്നെ മറ്റ് മൂന്ന് കോളേജുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. നാട്ടുകാരുടേയും വിദ്യാർത്ഥികളുടേയും ജീവൻ പണയം വെച്ചാണ് പല റോഡ് ഷോകളും നടത്തുന്നത്.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു എംഇഎസ് കോളേജിലെ വിദ്യാർത്ഥികളുടെ റോഡ് ഷോ. സംഭവം വിവാദമായതോടെ മോട്ടോർവാഹന വകുപ്പ് ഉൾപ്പെടെ സംഭവസ്ഥലത്തെത്തി നടപടി സ്വീകരിച്ചു. വിദ്യാർത്ഥികളെ കയറ്റി റോഡിലൂടെ ഓടിച്ച മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിൽ എടുത്തതായും രൂപമാറ്റം വരുത്തിയ ജീപ്പ് ഉൾപ്പെടെയുള്ള കണ്ടാലറിയാവുന്ന വാഹനളുടെ പേരിൽ കേസെടുത്തതായും മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു.

അതേസമയം മണ്ണുമാന്തിയന്ത്രത്തിന് അകമ്പടിയോടെ രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്രചെയ്തതും കാറുകളുടെ സൈഡ് ഗ്ലാസുകൾ താഴ്ത്തി ഡോറിൽ ഇരുന്ന് തലയും ഉടൽഭാഗവും പുറത്തേക്കിട്ട് അമിതവേഗത്തിൽ കുതിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതാണ്.

വാഹനങ്ങൾ മിക്കവയും രൂപമാറ്റം വരുത്തിയതും ഇതിലേറെയും വാടകയ്ക്കെടുത്തവയുമായിരുന്നു. അതുകൊണ്ടുതന്നെ ഉടമകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു.

also read- ‘ആരും ആരെയും ഇങ്ങനെ ദ്രോഹിക്കരുതേ’, കരൾ രോഗത്തിന്റെ ചികിത്സയ്ക്കായി നാട്ടുകാർ സ്വരൂപിച്ച് നൽകിയ പണവും 2 പവന്റെ വളയും മോഷ്ടിക്കപ്പെട്ടു, കണ്ണീരോടെ ഉഷ

മണ്ണുമാന്തിയന്ത്രത്തിന്റെ കൈകളിൽ കയറിനിന്ന് നടുറോഡിലൂടെ വിദ്യാർഥികൾ യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാൽ, തന്നെക്കൊണ്ട് ചെയ്യാൻ പറ്റുംപോലെ ചെയ്തോ എന്നായിരുന്നു ജെസിബി ഡ്രൈവറുടെ മറുപടിയെന്നാണ് ആരോപണം.

കോളേജ് ഡേ ദിനാഘോഷത്തിനിടെ നടുറോഡിലൂടെ മണ്ണുമാന്തി യന്ത്രത്തിലും രൂപമാറ്റം വരുത്തിയ വാഹനങ്ങളിലും വിദ്യാർത്ഥികൾ സാഹസികയാത്ര നടത്തിയ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ പിആർ സുമേഷ് പറഞ്ഞു. അപകടകരമാംവിധത്തിൽ വാഹനമോടിച്ചവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പേരിൽ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version