സപ്ലൈകോ പെട്രോൾ ബങ്ക് ഇനി മാനന്തവാടിയിലും, ശിലാസ്ഥാപനം വ്യാഴാഴ്ച മന്ത്രി ജിആർ അനിൽ നിർവഹിക്കും

കൊച്ചി: സപ്ലൈകോ പെട്രോൾ ബങ്ക് മാനന്തവാടിയിലും ആരംഭിക്കുന്നു. പെട്രോൾ ബങ്കിന്റെ ശിലസ്ഥാപന കർമ്മം ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ നിർവ്വഹിക്കും. മാർച്ച് 24 വ്യാഴാഴ്ച രാവിലെ 9.30നാണ് ചടങ്ങ്.

വയനാട് ജില്ലയിൽ ആദ്യമായി സപ്ലൈകോ-ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് ആരംഭിക്കുന്ന പെട്രോൾ ബങ്കാണിത്.

മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഒആർ കേളു അധ്യക്ഷത വഹിക്കും. വയനാട് എംപി രാഹുൽ ഗാന്ധി ആശംസ സന്ദേശം നൽകും. മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ സികെ രത്‌നവല്ലി മുഖ്യപ്രഭാഷണം നടത്തും.

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. സപ്ലൈകോ സിഎംഡി ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി സ്വാഗതവും, വയനാട് ജില്ലാ സപ്ലൈ ഓഫീസർ പിഎ സജീവ് നന്ദിയും പറയും.

ALSO READ- സപ്ലൈകോ ഔട്ട്‌ലൈറ്റുകൾ ഇനി ഞായറാഴ്ചകളിലു൦

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുക.

Exit mobile version