പൊളിഞ്ഞുവീഴാറായ കൂരയില്‍ ഇനി തല ചായ്‌ക്കേണ്ട; നാടിച്ചി മുത്തശ്ശിക്ക് വീടൊരുക്കി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍!

തകര്‍ന്നു വീഴാറായ വീടിനുള്ളില്‍ കഴിയുകയായിരുന്ന നാടിച്ചി മുത്തശ്ശിക്ക് ഇനി സമാധാനത്തോടെ തലചായ്ക്കാം.

വണ്ടൂര്‍: വിദ്യാര്‍ത്ഥികളുടെ നന്മയുടെ നേര്‍ക്കാഴ്ച വീണ്ടും. വണ്ടൂരിലെ നാടിച്ചി മുത്തശ്ശിക്കാണ് സ്‌കൂള്‍വിദ്യാര്‍ത്ഥികളുടെ സന്മനസില്‍ തണലൊരുങ്ങിയത്. തകര്‍ന്നു വീഴാറായ വീടിനുള്ളില്‍ കഴിയുകയായിരുന്ന നാടിച്ചി മുത്തശ്ശിക്ക് ഇനി സമാധാനത്തോടെ തലചായ്ക്കാം. ഏതു നിമിഷവും തകരുന്ന വീടിന് മേല്‍ക്കൂര പണിതു നല്‍കി മാതൃകയായിരിക്കുകയാണ് വണ്ടൂര്‍ വിഎംസി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. പുല്ലൂര്‍ കോളനിയിലെ വീടാണ് വിദ്യാര്‍ത്ഥികള്‍ പുതുക്കി പണിത് നല്‍കിയത്.

പൊളിഞ്ഞു വീഴാറായ ഈ വീട്ടില്‍ ഒറ്റക്കാണ് നാടിച്ചി മുത്തശ്ശി താമസിക്കുന്നത്. മേല്‍ക്കൂര ചിതലരിച്ചു. വീടിനാകട്ടെ വാതിലുമില്ല. ഭവന നിര്‍മ്മാണ പദ്ധതികളില്‍ നിന്നെല്ലാം ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒഴിവാക്കപ്പെട്ടു.

ഈ സാഹചര്യത്തിലാണ് കുട്ടികള്‍ വീട് നിര്‍മ്മാണത്തില്‍ പങ്കാളികളായി മേല്‍ക്കൂര പുതുക്കി പണിയുന്ന ജോലി ഏറ്റെടുത്തത്. ഇനി വാതിലും ജനലുകളും മാറ്റുന്ന ജോലി കൂടി ബാക്കിയുണ്ട്. ഇതിനായുള്ള പണം കുട്ടികള്‍ തന്നെയാണ് കണ്ടെത്തിയതും ശേഖരിക്കുന്നതും. പുതുവര്‍ഷത്തില്‍ നാടിച്ചിയമ്മയെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റാന്‍ കഴിയുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ.

Exit mobile version