മരുന്ന് കുറിപ്പടിയുമായി മന്ത്രി വീണാ ജോര്‍ജ്ജ് കാരുണ്യ ഫാര്‍മസിയില്‍: മരുന്നില്ലെന്ന് ജീവനക്കാരി, ഡിപ്പോ മാനേജരെ ഉടനടി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഫാര്‍മസിയില്‍ വീഴ്ച വരുത്തിയ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

കാരുണ്യാ ഫാര്‍മസിയില്‍ മരുന്നുകള്‍ ലഭ്യമല്ലാത്ത കാരണത്താലാണ് ഡിപ്പോ മാനേജറെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ച രാത്രി ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്, മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ രോഗിയുടെ പരാതിയെ തുടര്‍ന്ന് കാരുണ്യ ഫാര്‍മസി സന്ദര്‍ശിച്ചിരുന്നു. ആ രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യാ ഫാര്‍മസിയിലില്ലായിരുന്നു.

ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് മന്ത്രി ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു. ആശുപത്രിയിലെ ഡ്യൂട്ടി ലിസ്റ്റും പരിശോധിച്ചു. രാത്രിയില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കുണ്ടെന്നും അത്യാഹിത വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായും ഉറപ്പുവരുത്തി.

പിന്നീട് മന്ത്രി വാര്‍ഡുകളാണ് സന്ദര്‍ശിച്ചത്. അപ്പോഴാണ് പത്തൊമ്പതാം വാര്‍ഡിലെ രോഗിയായ പത്മാകുമാരിയുടെ ഭര്‍ത്താവ് മന്ത്രിയെ കണ്ട് മരുന്നുകളൊന്നും കാരുണ്യ ഫാര്‍മസിയില്‍ നിന്നും കിട്ടുന്നില്ലെന്ന പരാതി അറിയിച്ചത്. അദ്ദേഹത്തില്‍ നിന്നും മന്ത്രി മരുന്നിന്റെ കുറുപ്പ് വാങ്ങി കാരുണ്യ ഫാര്‍മസിയിലെത്തുകയായിരുന്നു. മന്ത്രി പുറത്ത് നിന്ന ശേഷം ഒരാളെ കാരുണ്യ ഫാര്‍മസിയിലേക്കയച്ചു.

Read Also:എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ ഹീറോ! വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന അച്ഛന്‍; വീഡിയോ പങ്കുവച്ച് ഗോകുല്‍ സുരേഷ്


മരുന്നില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്ന് പറഞ്ഞ് ജീവനക്കാരി ചെന്ന വ്യക്തിയോട് ദേഷ്യപ്പെട്ടു. പിന്നാലെ മാസ്‌ക് ധരിച്ച് മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. എന്തുകൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു. മറുപടി പറയാന്‍ ജീവനക്കാര്‍ പതറി. ഉടന്‍ തന്നെ മന്ത്രി ഫാര്‍മസിക്കകത്ത് കയറി കമ്പ്യൂട്ടറില്‍ മരുന്നുകളുടെ ലിസ്റ്റ് പരിശോധിക്കുകയും ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകള്‍ സ്റ്റോക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം മന്ത്രി നല്‍കുകയുമായിരുന്നു.

അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെഎംഎസ്‌സിഎല്ലിന് മന്ത്രി നിര്‍ദേശം നല്‍കി.

Exit mobile version