ഒരാഴ്ചക്കകം മദ്യനിരോധനം: മദ്യക്കുപ്പികള്‍ കല്ലെറിഞ്ഞ് തകര്‍ത്ത് ഉമാഭാരതി

ഭോപ്പാല്‍: ഭോപ്പാലിലെ മദ്യശാല കല്ലെറിഞ്ഞ് തകര്‍ത്ത് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഉമാഭാരതി. ഒരാഴ്ചക്കകം മധ്യപ്രദേശില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് ഉമാഭാരതി പറഞ്ഞു.

മദ്യവില്‍പനശാലയില്‍ കടന്ന് മദ്യക്കുപ്പികള്‍ക്കുനേരെ കല്ലെറിയുന്നതിന്റെ വീഡിയോ, ഉമാഭാരതി തന്നെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഭോപ്പാലില്‍ ഞായറാഴ്ചയാണ് സംഭവം.

ഭോപ്പാലിലെ ബര്‍ക്കേര പഠാനി മേഖലയിലെ ആസാദിനഗര്‍ പ്രദേശത്തെ ലേബര്‍ കോളനിയില്‍ മദ്യവില്‍പനശാലകള്‍ നിരനിരയായി പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലാളികളുടെ മുഴുവന്‍ പണവും പോകുന്നത് ഇവിടെ നിന്ന് മദ്യം വാങ്ങാനാണ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനാല്‍, പ്രദേശവാസികളും കുട്ടികളും സ്ത്രീകളും ഇവയ്ക്കെതിരേ പ്രതിഷേധിക്കുകയും ചെയ്തിരുന്നു- ട്വീറ്റുകളിലൂടെ ഉമാഭാരതി പറഞ്ഞു.

പ്രദേശത്തെ മദ്യവില്‍പന നിര്‍ത്തലാക്കാമെന്ന് അധികാരികള്‍ ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് നടപ്പായില്ലെന്നും ഉമാഭാരതി ആരോപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ മദ്യവില്‍പനശാലകള്‍ നിര്‍ത്തലാക്കണമെന്ന് അധികാരികള്‍ക്ക് താന്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version