‘അമ്മ കരയണ്ട, ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ’: ക്ഷേത്രത്തില്‍ വച്ച് മാല നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് തന്റെ സ്വര്‍ണവളകള്‍ ഊരി നല്‍കി സ്ത്രീ

കൊട്ടാരക്കര: ക്ഷേത്രസന്നിധിയില്‍ വച്ച് മാല മോഷണം പോയ വീട്ടമ്മയ്ക്ക്
തന്റെ രണ്ട് സ്വര്‍ണവളകള്‍ ഊരി നല്‍കി സ്ത്രീ. പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ട് വീട്ടില്‍ സുഭദ്ര (67)യുടെ രണ്ട് പവന്‍ മാലയാണ് മോഷ്ടിച്ചത്.

കൊട്ടാരക്കരയില്‍ നിന്നും ബസിലെത്തി ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവെയാണ് രണ്ടുപവന്റെ മാല മോഷണം പോയത് അറിഞ്ഞത്. കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തി.

തന്റെ കയ്യില്‍ക്കിടന്ന രണ്ടു വളകള്‍ ഊരി നല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു.’അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്ര സന്നിധിയില്‍ എത്തി പ്രാര്‍ഥിക്കണം’.

ഒറ്റ കളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീ പിന്നെ എങ്ങോട്ടുപോയെന്ന് സുഭദ്രയ്ക്കറിയില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്കും രണ്ടുപവനോളം തൂക്കം വരുന്ന വളകള്‍ സമ്മാനിച്ച സ്ത്രീയെ കണ്ടെത്താനായില്ല.

ക്ഷേത്ര ഭാരവാഹി ലെജു വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഭര്‍ത്താവ് കെ കൃഷ്ണന്‍കുട്ടി ആചാരിയോടൊപ്പം സുഭദ്ര മടങ്ങി. കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ ആഗ്രഹിച്ചു വാങ്ങിയ മാലയാണ് മോഷണം പോയത്.

Exit mobile version