പ്രോവിഡന്റ് ഫണ്ട് വായ്പ ശരിയാക്കാൻ ലൈംഗിക ബന്ധത്തിന് സമ്മതിക്കണം, ഗർഭനിരോധന ഉറയുമായി ഉദ്യോഗസ്ഥയെ കാത്തിരുന്നയാളെ തേടിയെത്തിയത് വിജിലൻസ്, പിടിയിൽ

കോട്ടയം: പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള വായ്പ അപേക്ഷയിലെ തെറ്റ് തിരിത്താനായി അപേക്ഷിച്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച കേസിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഫയൽ തീർപ്പാക്കണമെങ്കിൽ ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് അറിയിച്ച ഉദ്യോഗസ്ഥൻ കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപം അശ്വതി അപ്പാർട്ട്മെന്റ് എസ്-മൂന്ന് വിസ്മയയിൽ ആർ വിനോയ് ചന്ദ്ര (43)നെയാണ് വിജിലൻസ് പിടികൂടിയത്.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയെ ഹോട്ടൽ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി ഗർഭനിരോധന ഉറകളുമായി കാത്തിരുന്ന പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെ കിഴക്കൻ മേഖല വിജിലൻസ് സൂപ്രണ്ട് വിജി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ ജീവനക്കാരിയെ ഫോണിൽ വിളിച്ച് നഗ്നദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് പരാതി. ഗവ. എയ്ഡഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറും കാസർകോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ ഓഫീസിലെ ജൂനിയർ സൂപ്രണ്ടുമാണ് പ്രതി. എൻജിഒ യൂണിയന്റെ സജീവപ്രവർത്തകനുമാണ്.

കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാൻ പ്രോവിഡന്റ് ഫണ്ടിൽനിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചിരുന്നു. സാങ്കേതികപിഴവുകൾ വന്നതിനാൽ പരിഹാരത്തിന് ജില്ലാ നോഡൽ ഓഫീസർക്കും അപേക്ഷ കൊടുത്തു.

ALSO READ- പത്രത്തിലെ വിവാഹപരസ്യം കണ്ട് ക്ഷണിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാനെത്തി; പ്രമുഖ ഓഡിറ്റോറിയത്തിൽ ടെക്‌നോപാർക്ക് ജീവനക്കാരും വിദ്യാർത്ഥികളും പിടിയിലായി

എന്നാൽ, സംസ്ഥാന നോഡൽ ഓഫീസർക്കേ പരിഹാരം സാധിക്കൂവെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. ഇതനുസരിച്ചാണ് വിനോയ് ചന്ദ്രനെ പരാതിക്കാരി ഫോണിൽ വിളിച്ചത്. പശ്നം പരിഹരിക്കാമെന്നേറ്റ ഇയാൾ വാട്സാപ്പിൽ തന്നെ തിരികെവിളിക്കാൻ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടു. പിന്നീട് നിരന്തരം വാട്സാപ്പിൽ വിളിച്ചു. അശ്ലീലചുവയോടെ സംസാരിച്ചു. കഴിഞ്ഞദിവസം വിളിച്ചിട്ട് വാട്സ്ആപ്പിൽ നഗ്നയായി വരാൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ ഇത് നിരസിച്ചു.

ALSO READ- ഷെയ്ൻ വോണിനെ അവസാനമായി കണ്ടത് ഉഴിച്ചിലിനെത്തിയ നാല് സ്ത്രീകൾക്കൊപ്പം; ദുരൂഹതയില്ലെന്ന് ആവർത്തിച്ച് പോലീസ്; എന്നാൽ ദൃശ്യങ്ങളിൽ അസ്വഭാവികത

ഇതോടെ, താൻ അടുത്തദിവസം കോട്ടയത്തെത്തുമെന്നും അവിടെ ഹോട്ടൽ മുറിയിൽവെച്ച് പ്രശ്നം പരിഹരിച്ചുനൽകാമെന്നും ഇയാൾ അറിയിച്ചു. 44 അളവിലുള്ള ഷർട്ട് വാങ്ങിക്കൊണ്ടുവരണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങിയ ഉദ്യോഗസ്ഥ ഇതോടെ വിജിലൻസ് എസ്പിയെ സമീപിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരം ഷർട്ടുവാങ്ങിയ ഉദ്യോഗസ്ഥയ്ക്ക് അതിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടി നൽകി. ബുധനാഴ്ച കോട്ടയത്തെത്തിയ പ്രതി റെയിൽവേ സ്റ്റേഷനുസമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. വിജിലൻസ് സംഘവും അടുത്ത മുറികളിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ റെയിൽവേ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥയെ പ്രതി ഹോട്ടൽ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ മുറിയിൽ കയറി ഇയാളെ പിടികൂടുകയായിരുന്നു. വിനോയ് ചന്ദ്രന്റെ പക്കൽനിന്ന് ഗർഭനിരോധന ഉറകളും കണ്ടെത്തി.

Exit mobile version