സ്വപ്‌നമായ വീടിന്റെ ഉമ്മറത്ത് നിശ്ചലരായി അബുവും ഷെഫീക്കും അന്ത്യയാത്രയ്‌ക്കെത്തി: കണ്ണീരടക്കാനാവാതെ പ്രിയപ്പെട്ടവര്‍

അരൂര്‍: സ്വപ്‌നമായ വീട്ടില്‍ ഒരു ദിനം പോലും അന്തിയുറങ്ങാനാവാതെ നിശ്ചലമായി ആ ഉപ്പയും മകനും എത്തിയപ്പോള്‍ കണ്ണീരടക്കാനാവാതെ നാട്. മൂന്നാറില്‍ നിന്നും മടങ്ങുംവഴിയാണ് അരൂക്കുറ്റി പഞ്ചായത്ത് കുറുവഞ്ചങ്ങാട് സ്വദേശിയായ കെപി അബുവും (70) മകന്‍ ഷെഫീക്കും (32) മരണപ്പെട്ടത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്നാറില്‍ നിന്നും മടങ്ങുംവഴിയാണ് അരൂക്കുറ്റി പഞ്ചായത്ത് കുറുവഞ്ചങ്ങാട്, കുടുംബം അപ്രതീക്ഷിത അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് അബുവിനും മകന്‍ ഷെഫീക്കിനും ജീവന്‍ നഷ്ടമായത്. ഒപ്പമുണ്ടായിരുന്ന മറ്റ് വീട്ടുകാരടക്കം എല്ലാവര്‍ക്കും പരിക്കേറ്റു.

മൂന്നുമാസം മുന്‍പായിരുന്നു ഷെഫീക്കിന്റെ വിവാഹം. വര്‍ഷങ്ങളുടെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തിയ കെപി അബു ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് അധികം പുറത്തിറങ്ങാറില്ലായിരുന്നു. മുന്‍പുണ്ടായിരുന്ന വീട് വിറ്റ ശേഷം സമീപത്ത് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.

സ്വപ്‌നം കണ്ട വീട് യാഥാര്‍ഥ്യമാകുന്നതിനിടയിലാണ് ഇരുവരുടെയും വിയോഗം.
നിര്‍മാണം അവസാന ഘട്ടത്തിലായിരുന്ന ആ വീട്ടിലേക്ക് രണ്ട് മൃതദേഹങ്ങളെത്തിക്കുമ്പോള്‍ അത് പ്രിയപ്പെട്ടവരുടെ ഉള്ളില്‍ കണ്ണീരോര്‍മ്മയാണ് സമ്മാനിച്ചത്.

Exit mobile version