അമ്മയുടെ കൈയ്യിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു, ഒരു വയസുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തിൽ ഒരു വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരത്ത് ആണ് സംഭവം. ബൈക്ക് ഇടിച്ചുകയറി മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരിയുടെ കൈയില്‍ നിന്നും തെറിച്ചുവീണ് ആണ് കുഞ്ഞ് മരിച്ചത്

വിതുര ജുമാമസ്ജിദിനു സമീപം ഷിജാദ് മന്‍സിലില്‍ ഷിജാദ്, നൗഷിമ ദമ്പതിമാരുടെ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് ആയിരുന്നു സംഭവം.

നെടുമങ്ങാട്-പൊന്മുടി റോഡില്‍ മല്ലമ്പ്രക്കോണത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. ഷിജാദും ഭാര്യയും മൂന്നു മക്കളുമായി വിതുരയില്‍ നിന്നും ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു.

നെടുമങ്ങാട് നിന്നു വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനും പിജി വിദ്യാര്‍ത്ഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഓട്ടോയില്‍ ഇടിച്ച് അപകടം ഉണ്ടായത്.

അപകടത്തില്‍ കുട്ടിയുടെ മാതാവ് നൗഷിമയ്ക്ക് കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version