അനാഥ ജഡങ്ങളുടെ കാവല്‍ക്കാരന്‍! പതിനഞ്ചാമത്തെ വയസ്സില്‍ ആദ്യമായി കൂട്ടുകാരന്റെ മൃതദേഹത്തിന്റെ തണുപ്പ് തൊട്ടറിഞ്ഞു: വിനുവിന് മൂന്ന് ആംബുലന്‍സുകള്‍ സമ്മാനിച്ച് കനേഡിയന്‍ മലയാളിയുടെ ആദരം

അവകാശികളില്ലാത്ത അനാഥ ജഡങ്ങള്‍ സ്വന്തം കൈകളില്‍ കോരിയെടുത്തും അവരുടെ കൂടപ്പിറപ്പായി നിന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തും മോക്ഷപ്രാപ്തി നല്‍കുകയാണ്
ആംബുലന്‍സ് ഡ്രൈവര്‍ വിനു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വിനുവിന്റെ പുണ്യപ്രവൃത്തിയെ അനുമോദിച്ചിരിക്കുകയാണ് ഒരു പ്രവാസി മലയാളി.

അനാഥ ജഡങ്ങളുടെ കാവല്‍ക്കാരനായ വിനുവിന്റെ സ്വന്തം ആംബുലന്‍സ് എന്ന സ്വപ്‌നമാണ് കനേഡിയന്‍ മലയാളിയായ അനന്തലക്ഷ്മി നായര്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് അനന്തലക്ഷ്മി നായര്‍ വിനുവിന്റെ പുണ്യപ്രവൃത്തി അറിയുന്നത്. മൂന്ന് ആംബുലന്‍സുകളാണ് വിനുവിന് സമ്മാനിച്ചിരിക്കുന്നത്. അതില്‍ രണ്ടെണ്ണം കരയിലും ഒന്നു വെള്ളത്തിലും ഓടിക്കാനുള്ളതാണ്.

അപകടസ്ഥലങ്ങളില്‍ പെട്ടെന്ന് എത്തിച്ചേരാന്‍ സഹായകമായ ഓമ്‌നി ആംബുലന്‍സ്, ഫ്രീസറും ഓക്‌സിജന്‍ സംവിധാനവുമുള്ള ട്രാവലര്‍ ആംബുലന്‍സ്, പുഴയിലും കായലിലും കടലിലും സഞ്ചരിക്കാവുന്ന ആറര എച്ച്പി മോട്ടര്‍ ഘടിപ്പിച്ച വാട്ടര്‍ ആംബുലന്‍സ് എന്നിവയാണു ലഭിച്ചത്. മൃതദേഹം കേടു കൂടാതെ വയ്ക്കാനുള്ള മൊബൈല്‍ ഫ്രീസറും ജനറേറ്ററും ഇവ സൂക്ഷിക്കാനുള്ള മുറിയും സൗജന്യമായി നല്‍കി.

അവകാശികളില്ലാത്ത അനാഥ ജഡങ്ങള്‍ സ്വന്തം കൈകളില്‍ കോരിയെടുത്തു വാടക ആംബുലന്‍സില്‍ കയറ്റി മോര്‍ച്ചറിയിലും ശ്മശാനത്തിലും എത്തിക്കുകയും കൂടപ്പിറപ്പിനെപ്പോലെ നിന്ന് അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കരിക്കുകയും ചെയ്യുകയാണ് വിനു.

46 വര്‍ഷമായി കാനഡയില്‍ ജീവിക്കുന്ന, അറുപത്തെട്ടുകാരിയായ റിട്ട. ഉദ്യോഗസ്ഥ എന്നല്ലാതെ അനന്തലക്ഷ്മി നായരെ കുറിച്ചു മറ്റൊന്നും വിനുവിന് അറിയില്ല. കഴിഞ്ഞ ദിവസം വിനുവിന് അനന്തലക്ഷ്മിയുടെ അപ്രതീക്ഷിത ഇന്റര്‍നെറ്റ് കോള്‍ എത്തി.
ആംബുലന്‍സ് വേണമെന്ന ആഗ്രഹം അറിഞ്ഞെന്നും താന്‍ നിര്‍ദേശിക്കുന്ന സ്ഥലത്തെത്തി അതു കൈപ്പറ്റണമെന്നുമായിരുന്നു സന്ദേശം. അവിശ്വസനീയമായി തോന്നിയെങ്കിലും പോയി. അവിടെ ചെന്നപ്പോള്‍ കണ്ണു നിറഞ്ഞു.

ഒരു ആംബുലന്‍സ് ആഗ്രഹിച്ച സ്ഥാനത്തു മൂന്നെണ്ണം. അപകടങ്ങളില്‍ ചിന്നിച്ചിതറിയതും ചീഞ്ഞളിഞ്ഞതുമായ മൃതദേഹങ്ങള്‍ എടുക്കാന്‍ പോലീസിനും ഫയര്‍ ഫോഴ്‌സിനും ആര്‍പിഎഫിനും തുണയായ വിനുവിനെക്കുറിച്ച് ആ വകുപ്പുകളിലെ സുഹൃത്തുക്കളോട് അന്വേഷിച്ച ശേഷമാണ് അനന്തലക്ഷ്മി ആംബുലന്‍സുകള്‍ കൈമാറിയത്.

അശോകപുരം പാടത്ത് പുരുഷോത്തമന്റെ മകനാണു വിനു (35). ആലുവ സെന്റ് മേരീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി മൃതദേഹത്തിന്റെ തണുപ്പില്‍ തൊട്ടത്. സ്‌കൂളിലെ സഹപാഠി തടിക്കക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ചു. അന്നു തിരച്ചിലിന് ഇറങ്ങിയവരില്‍ വിനുവും ഉണ്ടായിരുന്നു. 20 വര്‍ഷത്തിനിടെ എഴുനൂറോളം മൃതദേഹങ്ങള്‍ സ്വന്തം കൈകളില്‍ എടുത്തിട്ടുണ്ടെന്നു വിനു പറയുന്നു. ഇതില്‍ 80 ശതമാനവും ഉറ്റവര്‍ ഇല്ലാത്തവരുടേതാണ്.

അനാഥ ജഡങ്ങള്‍ ഇന്‍ക്വസ്റ്റും മറ്റും നടത്തുന്നതു പോലീസാണെങ്കിലും ചെലവുകള്‍ വഹിക്കേണ്ടത് അതതു തദ്ദേശഭരണ സ്ഥാപനങ്ങളാണ്. വാടകയും മറ്റും യഥാസമയം കൊടുക്കാത്തതിനാല്‍ സ്വകാര്യ ആംബുലന്‍സുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തിലാണു സ്വന്തം ആംബുലന്‍സ് ഉണ്ടായിരുന്നെങ്കില്‍ എന്നു വിനു സമൂഹമാധ്യമത്തില്‍ കുറിച്ചത്.

ആലുവ സ്റ്റേഷനിലെ 2 പോലീസുകാര്‍ ജാമ്യം നിന്നു ബാങ്ക് വായ്പയെടുത്തു വിനുവിന് ആംബുലന്‍സ് വാങ്ങി നല്‍കി. വായ്പയുടെ തിരിച്ചടവു മുങ്ങിയതിനെ തുടര്‍ന്ന് ആ ആംബുലന്‍സ് വിറ്റു. ഇതിനിടെ സഹോദരന്റെ ചികിത്സയ്ക്കു വന്ന ഭാരിച്ച ചെലവ് വിനുവിനെ കടക്കെണിയിലാക്കി. താന്‍ നേരിടുന്ന അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കവിതയായി കുറിച്ചിടാറുണ്ട് വിനു. ആദ്യകാല കവിതകള്‍ ‘നടന്ന വഴികള്‍’ എന്ന പേരില്‍ പുസ്തകമാക്കി.

Exit mobile version