പുതിയ കാലം പുതിയ വികസനം, പിണറായി സര്‍ക്കാരിന് ഒരു പൊന്‍ തൂവല്‍ കൂടി..! തൊണ്ടയാടും രാമനാട്ടുകരയിലും നിര്‍മ്മിച്ച മേല്‍പാലങ്ങള്‍ 28ന് നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: തൊണ്ടയാടും രാമനാട്ടുകരയിലും പുതുതായി നിര്‍മ്മിച്ച മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 28 ന് നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ നിരവധി മന്ത്രിമാരും പങ്കെടുക്കും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ രണ്ട് മേല്‍പ്പാലങ്ങളും ഇപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

51 കോടി രൂപയാണ് തൊണ്ടയാട് മേല്‍പ്പാലത്തിന്റെ ചെലവ്. ദേശീയപാതയുടെ നിര്‍ദ്ദിഷ്ട 6 വരികളില്‍ നേര്‍പകുതി ഈ മേല്‍പ്പാലത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ പണം മുടക്കി സാക്ഷാത്കരിച്ചിരിക്കുകയാണ്. തുടര്‍ന്ന് ദേശീയപാത അതോറിറ്റി മൂന്ന് വരികളുള്ള മറ്റൊരു മേല്‍പ്പാലം ഇവിടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നതാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം നടത്തിയതെങ്കിലും റോഡിന്റെ ഡിസൈനും നിര്‍വ്വഹണവും എല്ലാം സംസ്ഥാന പൊതുമരാമത്ത് തന്നെയാണ് നിര്‍വ്വഹിച്ചത്.

പാലത്തിന്റെ നീളം 475 മീറ്ററും വീതി 11 മീറ്ററുമാണ്. അപ്രോച്ച് റോഡ് 550 മീറ്റര്‍. ഇരുഭാഗത്തും സര്‍വ്വീസ് റോഡുകള്‍. 84 പൈലുകള്‍ 17 തൂണുകള്‍ 18 സ്പാനുകള്‍ ആകെ 15578 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചു. ഈ പാലത്തിന് ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018 ലെ മികച്ച കോണ്‍ക്രീറ്റ് നിര്‍മ്മതിക്കുള്ള അവാര്‍ഡ് ലഭിച്ചു.

മറ്റൊരു പാലമായ രാമനാട്ടുകര മേല്‍പ്പാലത്തിന് 75 കോടി രൂപയാണ് ചെലവ്. രാമനാട്ടുകര പാലത്തിന് 6 സ്പാനുകളാണ് ഉള്ളത്. ദേശീയപാത അതോറിറ്റി കൂടി രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതോടുകൂടി ആറ് വരിപ്പാത ഇവിടെ യാഥാര്‍ത്ഥ്യമാവും. ഈ മേല്‍പ്പാലത്തിന്റെ നീളം 440 മീറ്ററും വീതി 11 മീറ്ററുമാണ്. അപ്രോച്ച് റോഡുകളും സര്‍വ്വീസ് റോഡുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് കോണ്‍ക്രീറ്റ് പാലങ്ങളുണ്ട്.

പുതിയ കാലം പുതിയ വികസനം എന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തി പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നവകേരളത്തിനായുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ രാമനാട്ടുകര, തൊണ്ടയാട് മേല്‍പ്പാലങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

Exit mobile version