‘പുലിക്കുഞ്ഞ്’ സ്മാര്‍ട്ടായി: നഖം വളര്‍ന്നു, തൂക്കവും വര്‍ധിച്ചു; ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണമൊത്ത പുലിയാകും

തൃശ്ശൂര്‍: അമ്മയുമായി വേര്‍പിരിഞ്ഞ ഉമ്മിനിയിലെ പുലിക്കുഞ്ഞ് ആരോഗ്യവാനായി ലക്ഷണമൊത്ത പുലിയായി വളരുകയാണ്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ കിട്ടിയ പുലിക്കുഞ്ഞ് ഇപ്പോള്‍ 40 ദിവസത്തെ വളര്‍ച്ച പിന്നിട്ടു. പുലിക്കുഞ്ഞിന് നഖവും വളര്‍ന്നു.

അകമലയിലെ വനം വെറ്റിനറി ക്ലിനിക്കിലാണ് ഒരു മാസമായി പുലിക്കുഞ്ഞുള്ളത്. ഇത്രനാള്‍ കഴിഞ്ഞിട്ടും പുലിക്കുട്ടിയെ കൊണ്ട് പോവാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരൊന്നും അകമലയിലെത്തിയിട്ടില്ല. അകമലയില്‍ നാല് മാസത്തിലധികം വെറ്റിനറി കെയര്‍ അസാധ്യവുമാണ്.


കൊണ്ട് വരുമ്പോള്‍ 500 ഗ്രാം തൂക്കമായിരുന്നെങ്കില്‍ പുലിക്കുഞ്ഞ് ഇപ്പോള്‍ 800 ഗ്രാമായി. നഖവും നന്നായി വളര്‍ന്നതോടെ പഴയ പോലെ മടിയിലിരുത്തി പാല്‍ കൊടുക്കാന്‍ വെറ്റിനറി ജീവനക്കാരും ഭയക്കുന്നു. ഇപ്പോള്‍ നല്‍കി വരുന്ന ഭക്ഷണവും ഇനി മാറ്റേണ്ടി വരും. പൂച്ചയ്ക്ക് നല്‍കുന്ന പൊടി ഉപയോഗിച്ചുള്ള പാലാണ് നിലവില്‍ നല്‍കുന്നത്. ദിവസവും 200 മില്ലി ലിറ്റര്‍ പാല്‍ പുലിക്കുട്ടി കുടിക്കുന്നുണ്ട്. ഇടയ്ക്ക് ചിക്കന്‍ സൂപ്പ് നല്‍കിയെങ്കിലും അത് കുടിച്ചില്ല. ക്രമേണ വേവിച്ച ഇറച്ചി കൊടുക്കുന്നതും പരിഗണനയിലുണ്ട്. എത്രകാലം പുലിക്കുട്ടിയെ ഇത്തരത്തില്‍ സംരക്ഷിക്കാനാവുമെന്ന ആശങ്കയിലാണ് അധികൃതര്‍.

ജനുവരി 13നാണ് പുലിക്കുട്ടിയെ അകമല ക്ലിനിക്കില്‍ എത്തിച്ചത്. ദിവസങ്ങള്‍ മാത്രമായിരുന്നു അന്ന് പ്രായം. ആദ്യ ദിവസങ്ങളില്‍ പുലിക്കുട്ടി നിലയ്ക്കാത്ത കരച്ചിലായിരുന്നു. ഒടുവില്‍ തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടര്‍ പുലിക്കുട്ടിയുടെ കൂട്ടില്‍ ഒരു പാവയെ കൊണ്ടു വെക്കാന്‍ നിര്‍ദ്ദേശിച്ചു. പാവയെ കണ്ടതോടെ പുലിക്കുട്ടി കരച്ചില്‍ നിര്‍ത്തുകയും ഇതിനോടൊപ്പം കളിക്കുകയും ചെയ്തു. പാവയെ ചേര്‍ത്ത് പിടിച്ച് പുലിക്കുട്ടി ഉറങ്ങുന്നതും കൗതുക കാഴ്ചയായി.

അതേസമയം, പുലിക്കുഞ്ഞിനെ വീണ്ടും തള്ളപ്പുലി കൊണ്ടു പോവുന്നതിനായി എടുത്ത് കൊണ്ടു വന്ന സ്ഥലത്ത് വെക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികള്‍ രംഗത്തുണ്ട്. പുലിക്കുട്ടിയെ ഒറ്റയ്ക്ക് കാട്ടിലേക്കയക്കരുതെന്നാണ് ഇവര്‍ പറയുന്നത്.

പാലക്കാട് ഉമ്മിനിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ജനുവരി മാസത്തില്‍ 2 പുലിക്കുട്ടികളെ കണ്ടെത്തിയത്. നാട്ടുകാരന്‍ ഈ വീടും വൃത്തിയാക്കുന്നതിനും മറ്റുമായി സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴാണ് പുലിയെ കണ്ടത്. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് വനപാലകരേയും വിവരം അറിയിച്ചു തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. എന്നാല്‍ അമ്മ പുലിയെ കണ്ടെത്താനായിരുന്നില്ല.

പിന്നീട് വനം വകുപ്പ് കൊണ്ടു വെച്ചിടത്ത് നിന്ന് രണ്ട് പുലിക്കുഞ്ഞുങ്ങളിലൊന്നിനെ അമ്മപ്പുലി കൊണ്ടു പോയെങ്കിലും ഒരു കുഞ്ഞ് ബാക്കിയായി. പുലിക്കുഞ്ഞുങ്ങളെ കൂട്ടില്‍ വെച്ച് അമ്മപ്പുലിയെ കൂട്ടിലേക്ക് ആകര്‍ഷിച്ച് പിടികൂടി കുഞ്ഞുങ്ങളെയും പുലിയെയും കാട്ടിലേക്ക് തുറന്നു വിടുക, അല്ലെങ്കില്‍ പുലിക്കുഞ്ഞുങ്ങളെ അമ്മപ്പുലി കൊണ്ടു പോവാന്‍ അവസരമൊരുക്കുക എന്നീ പദ്ധതികളായിരുന്നു വനം വകുപ്പിനുണ്ടായിരുന്നത്.

എന്നാലിത് രണ്ടും പാളി. അമ്മപ്പുലിയെ പിടികൂടാനായില്ല. കുഞ്ഞുങ്ങളെ കണ്ട പുലി കൂട്ടില്‍ കയറാതെ അവയിലൊന്നിനെ കൈ കൊണ്ട് നീക്കിയെടുത്ത് സ്ഥലം വിട്ടു. രണ്ടാമത്തെ കുഞ്ഞ് ബാക്കിയായി. ഇതിനെ കൊണ്ടു പോവാന്‍ പുലിയെത്തിയില്ല. സ്ഥലത്തെ ബഹളവും മറ്റും കണ്ട് പുലി വീണ്ടും വരാഞ്ഞതാണെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്തെ ആദ്യത്തെ പോസ്റ്റ് ഓപ്പറേറ്റിവ് കെയര്‍ യൂണിറ്റാണ് അകമലയിലേത്. പരിക്കേറ്റ വന്യമൃഗങ്ങളെ പൂര്‍ണ ആരോഗ്യമെത്തുന്നതുവരെ ഇവിടെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം തിരികെ കാട്ടിലേയ്ക്ക് തന്നെ എത്തിക്കാനാണ് ഈ യൂണിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

Exit mobile version