സ്‌കൂബ സംഘം പിന്മാറിയിടത്ത് പോലീസിന്റെ ചങ്ങാതി ‘ശശി’ ഇറങ്ങി; ശ്വാസം അടക്കിപിടിച്ച് മുങ്ങിയെടുത്തത് പ്രധാന തെളിവ്

തിരുവനന്തപുരം: അമ്പലമുക്കിലെ കൊലപാതകത്തിന്റെ പ്രധാന തെളിവായ കത്തിക്കായി പോലീസ് കുളത്തിൽ മുങ്ങി തപ്പി വിയർത്തപ്പോൾ സഹായിക്കാനെത്തി ശശി താരമായി. മുട്ടട ആലപ്പുറം കുളത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെയായിരുന്നു പരിശോധന നടന്നത്.
ALSO READ- ‘പ്രണയദിനത്തിൽ’ പ്രിയതമന് കരൾ കൈമാറി പ്രവിജ; കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയായി; രാത്രി വൈകിയും കാത്തിരുന്ന് ആരോഗ്യമന്ത്രി

യുവതിയെ കൊലപ്പെടുത്തിയ കത്തി അവിടെ ഉപേക്ഷിച്ചെന്ന പ്രതി രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചിൽ ആരംഭിച്ചത്. ഫയർഫോഴ്‌സിന്റെ ഏഴംഗ സ്‌കൂബ ഡൈവിംഗ് ടീം തെരച്ചിലിനെത്തിയിരുന്നു. വിശാലമായ ആലപ്പുറം കുളത്തിന്റെ രണ്ടുവശങ്ങളിലും ഡൈവിംഗ് സംഘം മുങ്ങി തപ്പിയെങ്കിലും കത്തി ലഭിച്ചില്ല.

പിന്നീട് പോലീസിനെ സുരക്ഷയ്ക്ക് ഏർപ്പെടുത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതി ഉപേക്ഷിച്ച നീലയും കറുപ്പും വെള്ളയും വരയുള്ള ഷർട്ട് മാത്രമാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ പ്രതി സഞ്ചരിച്ചിരുന്ന പാതയിലെ കുളങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് നീക്കം.

കത്തി ലഭിച്ചില്ലെങ്കിലും നിർണായകമായ പ്രതിയുടെ ഷർട്ട് കണ്ടെടുത്താണ് പോലീസിനെ സഹായിക്കാനെത്തിയ ശശി താരമായത്. പ്രതി രാജേന്ദ്രന്റെ ഷർട്ട് കുളത്തിൽ നിന്നും മുങ്ങിയെടുത്തത് വട്ടിയൂർക്കാവ് പുളിയറക്കോണം സ്വദേശി ശശിയാണ്. സ്‌കൂബ ഡൈവിംഗ് സംഘം ഓക്സിജൻ ഉൾപ്പെടെ സർവ സന്നാഹവുമായി മുങ്ങിത്തപ്പിയെങ്കിലും ഒരു സുരക്ഷാ സന്നാഹവുമില്ലാതെ ശ്വാസം അടക്കിപ്പിടിച്ച് വെള്ളത്തിനിടിയിൽ ശശി നടത്തിയ തെരച്ചിലിലാണ് പ്രതിയുടെ ഷർട്ട് കണ്ടെത്തിയത്. 25 വർഷമായി പോലീസിന്റെ ഉറ്റ സഹായിയാണ് ശശി.

മുട്ടയ്ക്കാട് കൊലപാതകം, തമലം കൊലപാതകം തുടങ്ങിയ പ്രധാന കൊലപാതകങ്ങളിൽ പാറക്കുളത്തിലും കരമനയാറ്റിലും ഉപേക്ഷിച്ച ആയുധങ്ങൾ മുങ്ങിത്തപ്പിയെടുത്തത് ശശിയാണ്.

ALSO READ- ശരീരം തളർന്ന് പാളത്തിൽ നിന്നും എണീക്കാനാവാതെ വിമുക്തഭടൻ വിജയൻ; ട്രെയിൻ അടുത്തെത്തി, ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തം നടത്തി ഒരമ്മയും മകനും! നിറകൈയ്യടി

കാലിന് മുടന്തുള്ള ശശി ആഴമുള്ള കയങ്ങളിലും മറ്റും മുങ്ങി തപ്പുന്നത് അത്ഭുതകരമായ കാഴ്ചയാണ്. നദിയിൽ കണ്ടെത്തുന്ന മൃതദേഹങ്ങൾ, മോഷ്ടാക്കൾ നദിയിൽ ഉപേക്ഷിച്ച ബൈക്കുകൾ എന്നിവയും ശശി കണ്ടെത്തിയിട്ടുണ്ട്. ഉപജീവന മാർഗമായാണ് ഇതിനെ കാണുന്നതെന്നും പോലീസുകാർ സഹായത്തിന് വിളിക്കാറുണ്ടെന്നും ശശി പറഞ്ഞു.

Exit mobile version